തിരുവനന്തപുരം: മാധ്യമ പ്രവര്‍ത്തകര്‍ക്കെതിരെ ടി.പി സെന്‍കുമാര്‍ നല്‍കിയ കേസിലെ നടപടികള്‍ പോലീസ് അവസാനിപ്പിച്ചു. ഇതുസംബന്ധിച്ച 16 പേജുള്ള റിപ്പോര്‍ട്ട് വഞ്ചിയൂര്‍ ജുഡീഷ്യല്‍ മജിസ്ട്രേറ്റ് കോടതിയില്‍ സമര്‍പ്പിച്ചു. ഗൂഢാലോചന, കൈയ്യേറ്റം എന്നീ കുറ്റങ്ങള്‍ നിലനില്‍ക്കില്ല. സംഭവത്തിന്റെ ദൃശ്യങ്ങള്‍ പരിശോധിച്ചപ്പോള്‍ ടി.പി സെന്‍കുമാര്‍ മാധ്യമപ്രവര്‍ത്തകന്‍ കടവില്‍ റഷീദിനെ വിളിച്ചുവരുത്തുകയും ക്ഷോഭിക്കുകയും ചെയ്യുന്നത് തെളിഞ്ഞുവെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു. സെന്‍കുമാറിനെ ഡി.ജി.പിയാക്കിയത് അബദ്ധമായിരുന്നെന്ന രമേശ് ചെന്നിത്തലയുടെ പ്രസ്താവനയെക്കുറിച്ച് റഷീദ് ചോദിച്ചതാണ് സെന്‍കുമാറിനെ ചൊടിപ്പിച്ചത്. സെന്‍ കുമാറിനൊപ്പമുണ്ടായിരുന്നവര്‍ മാധ്യമപ്രവര്‍ത്തകനെ കൈയേറ്റം ചെയ്യാനും പുറത്താക്കാനും ശ്രമിച്ചു. മറ്റ് മാധ്യമപ്രവര്‍ത്തകര്‍ ഇടപെട്ടാണ് റഷീദിനെ കൈയേറ്റം ചെയ്യുന്നത് തടഞ്ഞത്.
ജനുവരി 16ന് തിരുവനന്തപുരം പ്രസ്ക്ലബില്‍ വാര്‍ത്താസമ്മേളനത്തിനിടെയായിരുന്നു സംഭവം. തന്നെ തടസ്സപ്പെടുത്തിയെന്നും അപായപ്പെടുത്താന്‍ ശ്രമിച്ചെന്നും അപമാനിക്കാന്‍ ഗൂഢാലോചന നടത്തിയെന്നുമായിരുന്നു സെന്‍കുമാറിന്റെ പരാതി. വാര്‍ത്താസമ്മേളനത്തിനിടെ കടവില്‍ റഷീദിനെ സെന്‍കുമാര്‍ അപമാനിക്കുകയും ഭീഷണിപ്പെടുത്തുകയും ചെയ്തിരുന്നു. മാധ്യമപ്രവര്‍ത്തകന്‍ മദ്യപിച്ചിട്ടുണ്ടെന്നും സെന്‍കുമാര്‍ പറഞ്ഞിരുന്നു. പരാതിയില്‍ ഏഷ്യാനെറ്റ് ന്യൂസ് കോഓഡിനേറ്റിങ് എഡിറ്റര്‍ പി.ജി. സുരേഷ്കുമാര്‍, കടവില്‍ റഷീദ് എന്നിവര്‍ക്കെതിരെ കന്‍റോണ്‍മെന്‍റ് പോലീസാണ് കേസെടുത്തത്.