തിരുവനന്തപുരം : സംസ്ഥാനത്ത് പേവിഷ പ്രതിരോധ വാക്‌സിനും ഇമ്യൂണോഗ്ലോബുലീനും പരാജയപ്പെടുന്നത് ഈ വർഷത്തെ ആറാമത്തെ സംഭവമാണ്. ഇതുവരെ 21 പേവിഷ മരണങ്ങൾ ഉണ്ടായിട്ടും കൃത്യമായ ഡെത്ത് ഓഡിറ്റിങ് നടന്നിട്ടില്ല. ഇപ്പോഴും വാക്സിനിൽ കുഴപ്പമില്ലെന്ന നിലപാടിൽ തന്നെയാണ് ആരോഗ്യവകുപ്പും വാക്സിൻ വിതരണം നടത്തുന്ന കേരള മെഡിക്കൽ സർവീസസ് കോർപറേഷനും (കെ.എം.എസ്.സി.എൽ).
മരിച്ച പകുതിയിലേറെ പേരും വാക്സിനെടുത്തിരുന്നുവെന്നാണ് വിവരമെങ്കിലും ആരോഗ്യവകുപ്പ് സ്ഥിരീകരിക്കുന്നില്ല. വാക്സിൻ പരാജയപ്പെട്ട നാലു സംഭവങ്ങൾ ഈ വർഷം ഉണ്ടായതായി ആരോഗ്യമന്ത്രി തന്നെ കഴിഞ്ഞയാഴ്ച നിയമസഭയിൽ വെളിപ്പെടുത്തിയിരുന്നു. അന്വേഷണവിധേയമാക്കേണ്ട എറ്റവും പ്രധാനപ്പെട്ട മറ്റൊരു കാര്യം വാക്‌സിനുകളുടെ ഗുണപരിശോധനയില്‍ അനാസ്ഥ സംഭവിച്ചിട്ടുണ്ടോ എന്നതാണ്.
തെരുവുനായ്ക്കളെ വന്ധ്യംകരണം ചെയ്യുന്നതിലുടെ അവയുടെ എണ്ണം നിയന്ത്രിക്കാമെന്നിരിക്കെ ‘എബിസി’ അഥവാ ‘അനിമല്‍ ബര്‍ത്ത് കണ്‍ട്രോള്‍ പ്രോഗ്രാം’ കൃത്യമായ മോണിറ്ററിങിലൂടെ സംസ്ഥാനത്ത് നടത്തപ്പെടുന്നില്ല. കേരളത്തില്‍ ഒരു ജില്ലയിലും എബിസി മോണിറ്ററിങ് കമ്മിറ്റിയില്ല. ജില്ലാ കളക്ടറുടെ നേതൃത്വത്തിലൂടെ എന്‍ജിയോയും വെറ്റിനറി ഡിപ്പാര്‍ട്ടമെന്റും ചേര്‍ന്ന് എബിസി മോണിറ്ററിങ് കമ്മിറ്റി രൂപികരിക്കേണ്ടത് അത്യാവശ്യമാണ്.
എബിസി മോണിറ്ററിങ് കമ്മിറ്റിയും കേന്ദ്ര മൃഗക്ഷേമ ബോര്‍ഡ് അംഗീകൃത ഗ്രൂപ്പും ചേര്‍ന്നായിരിക്കണം എബിസി പ്രോഗ്രാം നടപ്പിലാക്കേണ്ടത്. എബിസി പ്രോഗ്രാം ശരിയായ രീതിയില്‍ മുമ്പ് അല്ലാത്തതിനാല്‍ ഇതിനെതിരെ അധികം പരാതികള്‍ എത്തിയിട്ടുണ്ട്. ഈ പരിപാടി പല കാരണങ്ങളാല്‍ മിക്ക ജില്ലയിലും ഇത് മുടങ്ങികിടക്കുകയാണ്.
കഴിഞ്ഞാഴ്ചയാണ് വളര്‍ത്തു നായയുടെ കടിയേറ്റ് ശ്രീലക്ഷ്മിയെന്ന 19കാരി മരണമടഞ്ഞ സംഭവമുണ്ടായത്. മരണകാരണം റാബീസ് വൈറസ് ബാധയെ തുടര്‍ന്നാണെന്ന് സ്ഥിരീകരിച്ചിട്ടുണ്ട്. 4 വാക്‌സീനുകള്‍ സ്വീകരിച്ച കുട്ടി മരണമടഞ്ഞതില്‍ നിറഞ്ഞുനില്ക്കുന്ന അസ്വഭാവികതയെക്കുറിച്ചുള്ള അന്വേഷണം തുടരുകയാണ്.
സംസ്ഥാനത്ത് ഈ വര്‍ഷം ഇതും കൂടി കൂട്ടി 15 പേവിഷബാധ മരണങ്ങളാണ് റിപ്പോര്‍ട്ട് ചെയ്തത്. തെരുവുനായ്ക്കളുടെ ആക്രമണത്തില്‍ ജീവന്‍ നഷ്ടപ്പെട്ടത് 43 പേര്‍ക്കാണ്. കഴിഞ്ഞ അഞ്ച് വര്‍ഷത്തിനിടെ തെരുവു നായ്ക്കളുടെ കടിയേറ്റ 1,46,523 കേസുകളും അഞ്ച് മരണങ്ങളും റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുണ്ട്. എറണാകുളത്ത് ഇത്തരത്തിലുള്ള 76,300 ആക്രമണങ്ങളും നാല് മരണങ്ങളും നടന്നു.
രണ്ടാം പിണറായി സർക്കാരിൽ ആരോഗ്യ വകുപ്പ് മന്ത്രിയായി വീണ ജോർജിനെ തിരഞ്ഞെടുത്തപ്പോള്‍ മുന്നണിയിലെ ആളുകള്‍ പോലും എതിര്‍പ്പ് പ്രകടിപ്പിച്ചു. ഇപ്പോൾ അതിന് അടിവരയിടുന്നതു പോലെ കേരളത്തിലെ ആരോഗ്യ വകുപ്പ് കുത്തഴിഞ്ഞിരിക്കുന്നു. ആരോഗ്യമന്ത്രിയുടെ സ്വന്തം ജില്ലയായ പത്തനംതിട്ടയിലെ പെരുനാട്ടില്‍ 12 വയസുകാരി അഭിരാമിയുടെ മരണം ഒടുവിലത്തെ ഉദ്ദാഹരണമാണ്. വാക്‌സിന്‍ എടുത്ത ശേഷം ആളുകള്‍ മരിക്കുന്നത് ഗൗരവതരമാണ്. മന്ത്രി ഒരു കാര്യവും പഠിക്കാതെ എന്തൊക്കെയോ വിളിച്ച് പറയുന്നു. നിയമസഭയിൽ നിരുത്തരവാദപരമായ ഉത്തരം നൽകിയതിന്‍റെ പേരിൽ സ്പീക്കറിന്‍റെ ശാസനയും കേൾക്കേണ്ടി വന്നു.
ആശുപത്രികളിലെ മരുന്നിന്‍റെ ലഭ്യതക്കുറവ്, ആശുപത്രി ജീവനക്കാരുടെയുടെയും ഡോക്ടര്‍മാരുടെയും അനാസ്ഥ ,തുടങ്ങി നിരവധി കാരണങ്ങള്‍ കൊണ്ട് ആരോഗ്യവകുപ്പ് കുത്തഴിഞ്ഞിരിക്കുന്നു.നിയന്ത്രിക്കാന്‍ മന്ത്രിക്കും ആകുന്നില്ല. അതേസമയം മന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറി ആണ് ഭരണം നടത്തുന്നതെന്ന ആരോപണവും ശക്തമാകുന്നു.
കേരളത്തില്‍ ഉപയോഗിക്കുന്ന പേവിഷവാക്‌സിന്റെ ഗുണനില ഉറപ്പാക്കേണ്ടത് സര്‍ക്കാരിന്റെ ഉത്തരവാദിത്തമാണ്. വാക്‌സിന്റെ വിശ്വാസ്യതയെക്കുറിച്ച് മുഖ്യമന്ത്രി നിയമസഭയില്‍ പ്രസംഗം നടത്തിയാല്‍ മാത്രം പോരാ. ജനങ്ങളുടെ ജീവന്‍ സംരക്ഷിക്കാന്‍ ഇടപെടേണ്ട ബാധ്യതകേരളത്തിന്‍റെ ആരോഗ്യ മന്ത്രിക്കുണ്ട്.പേവിഷ ബാധയേറ്റുള്ള മരണങ്ങള്‍ തീര്‍ച്ചയായും കേരളത്തിലെ ആരോഗ്യ സംവിധാനത്തിന്റെ വീഴ്‌ച്ച മൂലമാണ്.
പേവിഷ ബാധയ്‌ക്കെതിരേ പ്രതിരോധ കുത്തിവയ്‌പ് കണ്ടുപിടിച്ചിട്ട് 137 വര്‍ഷങ്ങളായി. വാക്‌സിന്‍ ഉപയോഗിച്ചാല്‍ 100 ശതമാനവും ഒഴിവാക്കാവുന്ന രോഗബാധയാണ് ഇതെന്നിരിക്കെ തുടര്‍മരണങ്ങള്‍ ഉണ്ടാകുമ്പോള്‍ അതിനെ ന്യായീകരിച്ചിട്ട് കാര്യമില്ല. എവിടെയാണ് പിഴവെന്ന് കണ്ടെത്തി എത്രയും വേഗം തിരുത്തുക.
മുഖ്യമന്ത്രി പേവിഷവാക്സിന്‍റെ ഗുണനിലവാരത്തില്‍ സംശയം പ്രകടിപ്പിക്കുകയും ഗുണനിലവാരം പരിശോധിക്കാന്‍ സമിതിയെ നിയോഗിക്കണമെന്ന് ആവശ്യപ്പെടുകയും ചെയ്തിരുന്നു. എന്നിട്ടുപോലും മന്ത്രി അത് ഗൗരവമായി എടുത്തില്ലെന്നു വേണം കരുതാന്‍. ഇക്കാര്യത്തില്‍ ആരോഗ്യമന്ത്രിയുടെ ഭാഗത്ത് ഗുരുതരവീഴ്ചയാണ് ഉണ്ടായത്.
മുമ്പ് തെരുവുനായയുടെ കടിയേറ്റാൽ പ്രതിരോധ വാക്സിൻ ഫലപ്രദമായിരുന്നു. എന്നാൽ ഇപ്പോൾ യാതൊരു ഗുണമേന്മയുമില്ലാത്ത പ്രതിരോധ വാക്സിനുകൾ ആണ് നിലവിൽ ഉള്ളത് എന്നാണ് നൂറുകണക്കിന് ആളുകളുടെ അനുഭവങ്ങൾ തെളിയിക്കുന്നത്. സർക്കാർ ഇക്കാര്യത്തിൽ അടിയന്തരമായി ഇടപെട്ട് ഗുണമേന്മയുള്ള വാക്സിനുകൾ ലഭ്യമാക്കുന്നതിനുള്ള നടപടികൾ സ്വീകരിക്കണം.