ന്യൂഡൽഹി : ട്വിറ്ററിന്റെ ഇന്ത്യയിലെ മാനേജിങ് ഡയറക്ടർ മനീഷ് മഹേശ്വരി കർണാടക ഹൈക്കോടതിയിൽ മുൻകൂർ ജാമ്യാപേക്ഷ നൽകി. ഉത്തർപ്രദേശിലെ ഗാസിയാബാദിൽ ഒരു വയോധികനെ ആക്രമിച്ചതുമായി ബന്ധപ്പെട്ട ട്വീറ്റുകൾ സംബന്ധിച്ച് യുപി പോലീസ് സമൻസ് അയച്ചതിന് പിന്നാലെയാണിത്.
ഇന്ന് ഗാസിയാബാദ് ലോണി ബോർഡർ പോലീസ് സ്റ്റേഷനിൽ ഹാജരാകാനായിരുന്നു ട്വിറ്റർ എംഡിക്ക് ലഭിച്ച നോട്ടീസ്. എന്നാൽ അദ്ദേഹം ഗാസിയാബാദിൽ എത്തിച്ചേരില്ലെന്നാണ് വിവരം. അതേസമയം ട്വിറ്റർ ഇക്കാര്യത്തിൽ ഔദ്യോഗിക പ്രതികരണം നടത്തിയിട്ടില്ല. നേരത്തെ നോട്ടീസ് ലഭിച്ചത് പ്രകാരം വീഡിയോകോൾ മുഖാന്തിരം ചോദ്യം ചെയ്യലിൽ പങ്കെടുക്കാമെന്ന് ട്വിറ്റർ അറിയിച്ചിരുന്നെങ്കിലും നേരിട്ട് ഹാജരാകണമെന്നാവശ്യപ്പെട്ട് ഗാസിയാബാദ് പോലീസ് ചൊവ്വാഴ്ച പുതിയ സമൻസ് അയച്ചു.