പത്തനംതിട്ട : അഗ്രിക്കൾച്ചറൽ ഫാമിൽ നിന്ന് 14 പോത്തുകളെ 715000 രൂപ വില സമ്മതിച്ച് വാങ്ങിക്കൊണ്ടുപോയശേഷം വ്യാജ ചെക്കുനൽകി കബളിപ്പിച്ച കേസിൽ രണ്ടുപേർ ഏനാത്ത് പോലീസിന്റെ പിടിയിലായി. കണ്ണൂർ തില്ലങ്കേരി കരിന്ത വീട്ടിൽ തായത്ത് അലി (56), ഒറ്റപ്പാലം ചളവറ കളത്തുംപടീക്കൽ വീട്ടിൽ സത്താർ ( 40) എന്നിവരാണ് അറസ്റ്റിലായത്. ഏനാത്ത് കെ.എസ്.ബംഗ്ലാവിൽ സ്ലീബാ കോശി (69)യുടെ ഉടമസ്ഥതയിലുള്ളതാണ് ഫാം. കിഴക്കുപുറത്താണ് പ്രവർത്തിക്കുന്നത്. മാർച്ച് 27ന് വൈകിട്ട് 5നാണ് പ്രതികൾ പോത്തുകളെ വാങ്ങി കൊണ്ടുപോയത്. ലോറികളിൽ കയറ്റി കൊണ്ടുപോകുമ്പോൾ ഫാമിലെ ജീവനക്കാരനും കൂടെ പോയിരുന്നു. പോത്തുകളെ ഇറക്കിയശേഷം അലി മാവേലിക്കരയിലെ ഒരു ബാങ്കിലെ ചെക്ക് ജീവനക്കാരന് കൈമാറുകയായിരുന്നു.
നെറ്റ് വർക്ക് തകരാറിലായതിനാൽ പണം പിൻവലിക്കാൻ കഴിയുന്നില്ല എന്ന് പറഞ്ഞതാണ് ചെക്ക് നൽകിയത്. വിവരം ഫോണിൽ വിളിച്ച് അറിയിച്ചത് വിശ്വസിച്ച് ചെക്ക് വാങ്ങി വരാൻ ജീവനക്കാരനെ ഫാം ഉടമ നിർദേശിച്ചു. പിറ്റേന്ന് ബാങ്കിലെത്തി പണം മാറി എടുക്കാൻ ശ്രമിച്ചപ്പോഴാണ് കബളിപ്പിക്കപ്പെട്ട വിവരമറിയുന്നത്. തായിത്ത് അലിയുടെ ഒപ്പുകണ്ട ബാങ്ക് മാനേജർ ഇയാൾ ഇത്തരത്തിൽ മുമ്പും തട്ടിപ്പ് നടത്തിയിട്ടുള്ളതായി തിരിച്ചറിഞ്ഞു. അലിക്ക് വേണ്ടി രണ്ടാം പ്രതിയാണ് പോത്തുകളെ ആവശ്യപ്പെട്ട് ഉടമയെ ബന്ധപ്പെട്ടത്. ഉടമ ഫാമിന്റെ യൂട്യൂബിലിട്ട വീഡിയോ കണ്ടാണ് സത്താർ അലിയുടെ ഇടനിലക്കാരനായി പ്രവർത്തിച്ച് തട്ടിപ്പിനു കൂട്ടുനിന്നത്.