ഷാർജ : ഓഗസ്റ്റ് 17 മുതൽ കാണാതായ സഹോദരിമാരെ ഷാർജയിലെ അപ്പാർട്മെന്റിൽ മരിച്ച നിലയിൽ കണ്ടെത്തി. കസഖ്സ്ഥാൻ സ്വദേശികളായ യുവതികളെയാണ് കാണാതായെന്ന വിവരത്തെ തുടർന്ന് ഷാർജ പോലീസ് നടത്തിയ തിരച്ചിലിലാണ് മരിച്ച നിലയിൽ കണ്ടെത്തിയത്. 20-ഉം 22-ഉം വയസ്സാണ് ഇവരുടെ പ്രായം. ഇരുവരും യുഎഇയിലെത്തി ജോലി ചെയ്ത് തുടങ്ങിയിട്ട് ഒരു വർഷം പോലും തികഞ്ഞില്ലെന്നാണ് വിവരം. പെൺകുട്ടികളെ കാണാനില്ലെന്നും ഇവർക്ക് താമസസൗകര്യം ഒരുക്കി നൽകിയ റഷ്യൻ ഭാഷ സംസാരിക്കുന്ന വ്യക്തിയുമായി ബന്ധപ്പെട്ടിരുന്നുവെന്നും വ്യക്തമാക്കുന്ന സന്ദേശം വാട്സാപ്പിൽ പ്രചരിച്ചിരുന്നു. പെൺകുട്ടികൾ സമൂഹമാധ്യമ അക്കൗണ്ടുകൾ ഡിലീറ്റ് ചെയ്തതായും ഫോണിലും വാട്സാപ്പിലും ബന്ധപ്പെടാൻ സാധിക്കുന്നില്ലെന്ന വിവരവും ഇവരെ കണ്ടെത്താനായി സഹായം അഭ്യർഥിക്കുന്ന വാട്സാപ്പ് സന്ദേശത്തിലുണ്ടായിരുന്നു.
കുടുംബത്തിന് ബന്ധപ്പെടാൻ സാധിക്കാതിരുന്നതിനാൽ തുടർന്ന് ഇവർ ദുബായിലെ കസഖ്സ്ഥാൻ കോൺസുലേറ്റിനെ വിവരമറിയിക്കുകയും തുടർന്ന് ഷാർജ പോലീസ് നടത്തിയ അന്വേഷണത്തിൽ അപ്പാർട്മെന്റിൽ നിന്ന് മൃതദേഹങ്ങൾ കണ്ടെത്തുകയുമായിരുന്നു. മരണത്തിലെ ദുരൂഹത നീക്കാൻ പോലീസ് അന്വേഷണം ശക്തമാക്കിയിട്ടുണ്ട്. അന്വേഷണം പൂർത്തിയായ ശേഷം സംഭവത്തെക്കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ അടങ്ങിയ ഔദ്യോഗിക പ്രസ്താവന പുറപ്പെടുവിക്കുമെന്ന് ഷാർജ പോലീസ് അറിയിച്ചു.
കസാഖ് അധികൃതരുടെയും യുഎഇ സർക്കാരിന്റെയും സഹകരണത്തോടെ ഓഗസ്റ്റ് 28ന് മൃതദേഹങ്ങൾ കസഖ്സ്ഥാനിലേക്ക് കൊണ്ടുപോയി. 2025 ഡിസംബറിലാണ് ഇരുവരും ബ്യൂട്ടി സലൂണിൽ ജോലി ചെയ്യുന്നതിനായി യുഎഇയിലെത്തിയത്. സെപ്റ്റംബർ ആദ്യവാരം നാട്ടിലേക്ക് മടങ്ങാൻ പദ്ധതിയിടവേയാണ് ഇരുവരെയും കാണാതായത്.
































