കുന്നംകുളം: ഭൂമി വാങ്ങാമെന്ന് തെറ്റിദ്ധരിപ്പിച്ച് മുപ്പത് ലക്ഷം തട്ടിയെടുത്ത കേസില്‍ മദ്ധ്യവയസ്ക്കരായ രണ്ട് സ്ത്രീകള്‍ പിടിയില്‍. മലപ്പുറം തിരൂര്‍ തെക്കുമുറി കളരിക്കല്‍ വീട്ടില്‍ സക്കീന (60), വെളിയങ്കോട് പുതിയ വീട്ടില്‍ നാലകത്ത് സുബൈദ (52) എന്നിവരെയാണ് കുന്നംകുളം അസിസ്റ്റന്‍റ് പോലീസ് കമ്മീഷണര്‍ ടി എസ് സിനോജിന്റെ നിര്‍ദേശ പ്രകാരം എസ് ഐ വി.എസ് സന്തോഷ് അറസ്റ്റ് ചെയ്തത്.
ലോട്ടറി അടിച്ചുവെന്ന് പറഞ്ഞ് വിശ്വസിപ്പിച്ച് സൗഹൃദം നടിച്ച് കുന്നംകുളം സ്വദേശിനിയുടെ ചിറമനെങ്ങാട് വില്ലേജിലുള്ള ഭൂമി അറുപത്തിമൂന്നു ലക്ഷത്തി എഴുപത്തയ്യായിരം രൂപക്ക് തീറുവാങ്ങാമെന്ന് തെറ്റിദ്ധരിപ്പിച്ച് പണയാധാരവും വസ്തു വില്പന കരാറും വ്യാജമായി ഉണ്ടാക്കി ആധാരം സ്വകാര്യ പണമിടപാട് സ്ഥാപനത്തില്‍ പണയം വെച്ച് മുപ്പതു ലക്ഷം രൂപ കൈപ്പറ്റുകയായിരുന്നു. തുടര്‍ന്ന് കരാര്‍ പ്രകാരമുള്ള നടപടികള്‍ സ്വീകരിക്കാതെ പണമോ വസ്തുവിന്റെ ആധാരമോ തിരിച്ച് നല്‍കാതെ ചതിച്ച കേസിലാണ് അറസ്റ്റ്.
പ്രതികള്‍ക്കെതിരെ ചേലക്കര പോലീസ് സ്റ്റേഷനില്‍ സമാനമായ കേസുണ്ട്. കൂടാതെ പ്രതിയായ സക്കീനക്കെതിരെ തിരൂര്‍ പോലീസ് സ്റ്റേഷനില്‍ കേരള സംസ്ഥാന മണ്‍സൂണ്‍ ലോട്ടറിക്ക് സമ്മാനം ലഭിച്ചിട്ടുണ്ടെന്ന് പറഞ്ഞു. വ്യാജ ടിക്കറ്റ് ബാങ്കില്‍ കൊടുത്ത കേസും നിലവില്‍ ഉണ്ട്. തൃശൂര്‍ ജില്ലയിലും സംസ്ഥാനത്തെ മറ്റു ജില്ലകളിലും സമാനമായ കുറ്റ കൃത്യങ്ങള്‍ പ്രതികള്‍ നടത്തിയിട്ടുണ്ടോയെന്ന് പോലീസ് അന്വേഷിച്ചു വരുന്നുണ്ട്. പോലീസ് സംഘത്തില്‍ എ.എസ്.ഐ പ്രേംജിത്ത്.എസ്, എസ്.സി.പി.ഒ വീരജ, സി.പി.ഒ ഷജീര്‍ എന്നിവരും ഉണ്ടായിരുന്നു. കോടതിയില്‍ ഹാജരാക്കിയ പ്രതികളെ റിമാന്‍ഡ് ചെയ്തു.