മസ്‌കത്ത് : ഒമാനിൽ രണ്ടു മലയാളി യുവാക്കളെ മരിച്ച നിലയിൽ കണ്ടെത്തി. റൂവി ഹംരിയയിൽ വ്യാഴാഴ്ച കോഴിക്കോട് സ്വദേശി മുഹമ്മദ് ജനീഷ് ബാബുവിനെയും (28) റൂവിയിൽ ശനിയാഴ്ച മലപ്പുറം സ്വദേശി ശരത്തിനെയുമാണ് (29) മരിച്ച നിലയിൽ കണ്ടെത്തിത്. കോഴിക്കോട് കല്ലായി ചക്കുംകടവ് ചുള്ളിക്കാട് പറമ്പ് ഹാജറ മൻസിലിൽ മുഹമ്മദ് ജാഫർ–ഫാത്തിമാബി ദമ്പതികളുടെ മകനാണ് ജനീഷ് ബാബു. മബേലയിലെ ചോക്‌ലേറ്റ് കമ്പനിയിൽ ജോലി ചെയ്തിരുന്ന ജനീഷ് നാലു മാസം മുൻപ് ജോലി അവസാനിപ്പിച്ച് നാട്ടിലേക്ക് മടങ്ങിയിരുന്നു. അടുത്തിടെ താൽക്കാലിക വീസയിൽ ഒമാനിൽ തിരിച്ചെത്തിയ ജനീഷ് വീണ്ടും ജോലിക്കായുള്ള ശ്രമത്തിലായിരുന്നു. വാദി കബീറിലായിരുന്നു താമസം.
ഓഗസ്റ്റ് 31ന് താമസിച്ചിരുന്ന മുറി ഒഴിഞ്ഞ് ബാഗുമായി പോയ ജനീഷിനെ പിന്നീട് ഹംരിയയിലെ കെട്ടിടത്തിൽ മരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു. പാസ്‌പോർട്ട് കണ്ടെത്താനാകാത്തതിനാൽ റോയൽ ഒമാൻ പൊലീസ് (ROP) മൃതദേഹം മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയായിരുന്നു. പെരിന്തൽമണ്ണ കുന്നക്കാവ് കാദർതൊടി ഹൗസിൽ ഗോവിന്ദൻ–പത്മിനി ദമ്പതികളുടെ മകനാണ് ശരത്. ശരത്തിന്റെ മരണാനന്തര നടപടികൾക്കായി സാമൂഹിക പ്രവർത്തകർ റോയൽ ഒമാൻ പോലീസുമായി ബന്ധപ്പെടുന്നതിനിടെയാണ് ജനീഷ് ബാബുവിന്റെ മരണത്തെക്കുറിച്ചുള്ള സൂചന ലഭിച്ചത്.































