ന്യൂഡൽഹി : പുക മലിനീകരണം കൂടിയാൽ ഇനി വണ്ടിക്കു വേഗം കുറയും. ഇരുചക്രവാഹനങ്ങൾക്കാണു പുതിയ നിയന്ത്രണ സംവിധാനം കേന്ദ്രസർക്കാർ കൊണ്ടുവരുന്നത്. പുക മലിനീകരണം അനുവദനീയ അളവ് കടന്നാൽ വാഹനം സ്വയം ‘ഫോഴ്സ് റിപ്പയർ’ മോഡിലേക്കു മാറുന്ന സംവിധാനമാണു പരീക്ഷിക്കുന്നത്. ഭാരത് സ്റ്റേജ് 6 (ബിഎസ്-VI) രണ്ടാം ഘട്ടത്തിലെ മലിനീകരണ നിയന്ത്രണ മാനദണ്ഡങ്ങൾ പാലിക്കാത്ത ഇരുചക്ര വാഹനങ്ങളിൽ വേഗവും ശേഷിയും കുറഞ്ഞ് സാധാരണ ഉപയോഗം അസാധ്യമാക്കുന്ന ‘ലിംപ്-ഹോം മോഡ്’ സംവിധാനമാണ് ഏർപ്പെടുത്തുക. വാഹനത്തിന്റെ മലിനീകരണ നിയന്ത്രണ സംവിധാനങ്ങളിലുണ്ടാകുന്ന തകരാറുകൾ കണ്ടുപിടിച്ച് മുന്നറിയിപ്പ് നൽകുന്ന ഓൺ-ബോർഡ് ഡയഗ്നോസ്റ്റിക്സ് (ഒബിഡി) സിസ്റ്റത്തിന്റെ ഭാഗമായാണ് ഇത് നടപ്പിലാക്കുക. വാഹന നിർമാതാക്കളുടെ സംഘടനയായ സിയാം ആണ് ഈ നിർദേശം സർക്കാരിന് നൽകിയത്.
വാഹനത്തിന്റെ ശേഷി കുറയ്ക്കുക, വേഗം നിയന്ത്രിക്കുക, സ്റ്റാർട്ടാകുന്നത് തടയുക, എൻജിൻ സ്റ്റാർട്ടാകാൻ കൂടുതൽ സമയമെടുക്കുക തുടങ്ങിയവയാണ് ‘ലിംപ്-ഹോം മോഡ്’ പ്രകാരമുള്ള നിയന്ത്രണങ്ങൾ. എന്നാൽ, ഇത് യാത്രക്കാരുടെ സുരക്ഷയെ എങ്ങനെ ബാധിക്കുമെന്ന കാര്യത്തിൽ കൂടുതൽ പഠനങ്ങൾ ആവശ്യമുണ്ടെന്നും സിയാം ചൂണ്ടിക്കാട്ടുന്നു. പുതിയ സംവിധാനം ഏതു രീതിയിലായിരിക്കുമെന്ന കാര്യത്തിൽ വ്യക്തമായ നിർദേശങ്ങൾ സമർപ്പിക്കാൻ ഗതാഗത മന്ത്രാലയം സിയാമിനോട് ആവശ്യപ്പെട്ടിട്ടുണ്ട്. പുതിയ സംവിധാനങ്ങൾ വാഹനങ്ങളിൽ കൊണ്ടുവരുന്നതിന് സാങ്കേതികമായി കൂടുതൽ സമയമെടുക്കുമെന്നും അതിനാൽ ബിഎസ്-7 നിലവിൽ വരുന്ന 2027 മുതൽ നിയന്ത്രണം നടപ്പിലാക്കിയാൽ മതിയെന്നുമാണ് സിയാമിന്റെ നിലപാട്.






























