ഏതാനും ആഴ്ചകള്‍ക്ക് മുമ്പാണ് കെടിഎം ഡ്യൂക്ക് റേഞ്ചിന്റെ ന്യൂജെന്‍ പതിപ്പുകള്‍ ആഗോള തലത്തില്‍ അവതരിപ്പിച്ചത്. ഇപ്പോള്‍ കെടിഎം ഇന്ത്യ 250 ഡ്യൂക്കിന്റെ 2024 ആവര്‍ത്തനം വിപണിയില്‍ ഇറക്കിയിരിക്കുകയാണ്. 250 ഡ്യൂക്കിനൊപ്പം ചേട്ടന്‍ 390 ഡ്യൂക്കും നിര്‍മാതാക്കള്‍ പറത്തിറക്കിയിട്ടുണ്ട്. ഈ പുതിയ കെടിഎം 250 ഡ്യൂക്ക് മോട്ടോര്‍സൈക്കിളില്‍ പുതിയ ഷാസിയും സബ് ഫ്രെയിമും ഉള്‍പ്പെടെയുള്ള പഴയ മോഡലിനെ അപേക്ഷിച്ച് കാര്യമായ നവീകരണങ്ങള്‍ ഓസ്ട്രിയന്‍ കമ്പനി വരുത്തിയിട്ടുണ്ട്. ഇതുവരെയുള്ള ഏറ്റവും സമഗ്രമായ അപ്ഡേറ്റുകള്‍ ലഭിച്ച ക്വാര്‍ട്ടര്‍-ലിറ്റര്‍ സ്ട്രീറ്റ്ഫൈറ്ററിന്റെ മൂന്നാം തലമുറ മോഡലാണിത്. 2.39 ലക്ഷം രൂപ എക്സ്ഷോറൂം വിലയിലാണ് 250 ഡ്യൂക്ക് പുറത്തിറക്കിയിരിക്കുന്നത്. പുതിയ 250 ഡ്യൂക്കിന്റെ വില അതിന്റെ മുന്‍ഗാമിയുടേതിന് ഏകദേശം തുല്യമാണെന്നതാണ് ശ്രദ്ധേയമായ കാര്യം. ഫീച്ചര്‍ ലിസ്റ്റില്‍ ഇപ്പോള്‍ ഒരു റൈഡ് – ബൈ – വയര്‍ ത്രോട്ടില്‍ സിസ്റ്റം, ഒരു സ്ലിപ്പര്‍ ക്ലച്ച്, ഒരു ക്വിക്ക് ഷിഫ്റ്റര്‍ എന്നിവ ഉള്‍പ്പെടുന്നു.
പുതിയ കെടിഎം 250 ഡ്യൂക്കിന് കുറച്ച് കോസ്‌മെറ്റിക് അപ്ഡേറ്റുകളും ലഭിക്കുന്നു. അഗ്രസീവ് ടാങ്ക് എക്സ്റ്റന്‍ഷനുകളും എല്‍ഇഡി ഹെഡ്ലാമ്പും ഉപയോഗിച്ച് ബൈക്ക് അതിന്റെ സ്പോര്‍ട്ടി ലുക്ക് നിലനിര്‍ത്തുന്നു. സ്മാര്‍ട്ട്‌ഫോണ്‍ കണക്റ്റിവിറ്റി, ടേണ്‍-ബൈ – ടേണ്‍ നാവിഗേഷന്‍, യുഎസ്ബി ടൈപ്പ്-സി ചാര്‍ജിംഗ് പോര്‍ട്ട് എന്നിവ വാഗ്ദാനം ചെയ്യുന്ന 5 ഇഞ്ച് ഡിജിറ്റല്‍ ഇന്‍സ്ട്രുമെന്റ് കണ്‍സോള്‍ ഇതിലുണ്ട്. ഷാര്‍പ്പര്‍ എക്‌സ്റ്റന്‍ഷനുകളുള്ള ഫ്യുവല്‍ ടാങ്ക് ഭാഗം ഷാര്‍പ്പര്‍ ലുക്കിലാണ്. കൂടാതെ പുതിയ ഡൈ-കാസ്റ്റ് അലുമിനിയം സബ്-ഫ്രെയിം ടെയില്‍ സെക്ഷനെ സഹായിക്കുന്നു. കെടിഎം 250 ഡ്യൂക്കിന്റെ എഞ്ചിന്‍ പൂര്‍ണമായും പുനര്‍രൂപകല്‍പ്പന ചെയ്തിട്ടുണ്ട്. പുതുതായി ഒപ്റ്റിമൈസ് ചെയ്ത സിലിണ്ടര്‍ ഹെഡും ഗിയര്‍ബോക്സും വലിയ എയര്‍ബോക്സും ഉള്ളതിനാല്‍ 250 ഡ്യൂക്ക് മുമ്പത്തേക്കാള്‍ കൂടുതല്‍ ശക്തിയുള്ളതായി അനുഭവപ്പെടും. എഞ്ചിന്‍ ഇപ്പോള്‍ 9,250 rpm-ല്‍ 30.57 bhp പവറും 7,250 rpm-ല്‍ 25 NM ടോര്‍ക്കും പുറപ്പെടുവിക്കുന്നു.
പുത്തന്‍ ബൈക്കിന്റെ സൈക്കിള്‍ പാര്‍ട്‌സുകളിലും മാറ്റം വരുത്തിയിട്ടുണ്ട്. ഒരു ഓഫ് സെറ്റ് മോണോഷോക്ക്, വളഞ്ഞ സ്വിംഗാര്‍ം, പുതിയ 17 ഇഞ്ച് അലോയ്കള്‍, പുതിയ ബ്രേക്കുകള്‍ എന്നിവ ചേരുന്ന പുതിയ സ്റ്റീല്‍ ട്രെല്ലിസ് ഫ്രെയിമാണ് ഇതിന് അടിവരയിടുന്നത്. പുതിയ പരിഷ്‌കാരങ്ങള്‍ ബൈക്കിന്റെ പവര്‍-വെയ്റ്റ് അനുപാതം മെച്ചപ്പെടുത്തിയതായി പറയപ്പെടുന്നു. ബൈക്കിന്റെ മുന്നില്‍ അപ്‌സൈഡ് ഡൗണ്‍ ഫോര്‍ക്കും (USD) പിന്നില്‍ മോണോ-ഷോക്ക് സസ്‌പെന്‍ഷനും ലഭിക്കുന്നു. അതേസമയം ബ്രേക്കിംഗ് കൈകാര്യം ചെയ്യുന്നത് ഡിസ്‌ക് ബ്രേക്കുകളാണ്. ഇലക്ട്രോണിക് ഓറഞ്ച്, സെറാമിക് വൈറ്റ് എന്നിങ്ങനെ രണ്ട് കളര്‍ ഓപ്ഷനുകളില്‍ പുതിയ കെടിഎം 250 ഡ്യൂക്ക് ബൈക്ക് വാങ്ങാന്‍ സാധിക്കും. 4,499 രൂപ ടോക്കണ്‍ തുക മുടക്കിയാല്‍ ബൈക്ക് ഇപ്പോള്‍ ബുക്ക് ചെയ്യാം. സെപ്റ്റംബര്‍ പകുതിയോടെ പുതിയ കെടിഎം 250 ഡ്യൂക്ക് ഡീലര്‍ഷിപ്പുകളില്‍ എത്തുമെന്ന് പ്രതീക്ഷിക്കുന്നു.