തിരുവനന്തപുരം : യു.എ.ഇ. കോൺസുലേറ്റിൽനിന്നും എത്തിച്ച 17,000 കിലോഗ്രാം ഈന്തപ്പഴത്തിൽ സാമൂഹികനീതിവകുപ്പിന് കീഴിലുള്ള സ്ഥാപനങ്ങളിൽ വിതരണം ചെയ്തത് 9,500 കിലോഗ്രാം. അനാഥാലയങ്ങൾ, ബഡ്‌സ് സ്കൂളുകൾ എന്നിവിടങ്ങളിൽ വിതരണംചെയ്ത ഈന്തപ്പഴത്തിന്റെ കണക്ക് സാമൂഹികനിതീവകുപ്പ് കസ്റ്റംസിന് കൈമാറി. കസ്റ്റംസ് ആവശ്യപ്പെട്ടതുപ്രകാരമാണ് നടപടി. വിതരണം മുടങ്ങിയെന്നാണ് സാമൂഹികനീതിവകുപ്പ് കസ്റ്റംസിന് വിവരം നൽകിയിട്ടുള്ളത്.
പദ്ധതിയുടെ ഭാഗമായി 2017-നുശേഷം 17,000 കിലോഗ്രാം ഈന്തപ്പഴമാണ് കോൺസുലേറ്റ് വിദേശത്തുനിന്ന് എത്തിച്ചത്. തിരുവനന്തപുരം കവടിയാർ ഭാഗത്ത് കോൺസുലേറ്റ് ജനറലറിന്റെ പേരിൽ വാടകയ്ക്കെടുത്ത വീട്ടിലാണ് ഇവ സൂക്ഷിച്ചിരുന്നത്. കോൺസുലേറ്റിലേക്ക് വന്ന പാഴ്‌സലിൽ 30 കിലോ സ്വർണം കണ്ടെത്തിയതിനെത്തുടർന്നാണ് മുൻകാല പാഴ്‌സലുകളെക്കുറിച്ചും കസ്റ്റംസ് അന്വേഷിച്ചത്. പാഴ്‌സലുകളിൽ പൂർണമായും ഈന്തപ്പഴമായിരുന്നോ ഇവ കൃത്യമായി വിതരണംചെയ്തിരുന്നോ എന്നുമാണ് അന്വേഷിക്കുന്നത്.
സാമൂഹികനീതിവകുപ്പിന് കീഴിലുള്ള സ്കൂളുകളിൽ സൗജന്യമായി ഈന്തപ്പഴം നൽകാനാണ് കോൺസുലേറ്റ് പദ്ധതിയിട്ടത്. സ്കൂളുകളിൽ കൊടുത്തതിനുപുറമേ 7,500 കിലോ ഈന്തപ്പഴം കോൺസുലേറ്റിന് രേഖകൾപ്രകാരം എത്തിയിട്ടുണ്ട്. ഇവ എവിടെയൊക്കെ കൊടുത്തുവെന്ന് കണ്ടെത്തേണ്ടതുണ്ട്. ചില മതസ്ഥാപനങ്ങളിലും കോൺസുലേറ്റിൽനിന്നും ഈന്തപ്പഴം നൽകിയിരുന്നു. ഇതേക്കുറിച്ചുള്ള വിവരങ്ങളും കസ്റ്റംസ് തേടുന്നുണ്ട്.