യുഎഇ : ഇനി ജോലി നഷ്ടപ്പെട്ടാലും ആറുമാസം വരെ പ്രവാസികള്‍ക്ക് രാജ്യത്ത് താമസിക്കാം. വിദേശ വ്യാപാര സഹമന്ത്രി ഡോ.താനി ബിന്‍ അഹമ്മദ് അല്‍ സെയൂദിയാണ് ഇക്കാര്യം ഔദ്യോഗികമായി അറിയിച്ചത്. യുഎഇ വിസ പരിഷ്‌കാരങ്ങളുടെ ഭാഗമായാണ് പ്രവാസികള്‍ക്ക് ഗ്രേസ് പിരീഡ് 180 ദിവസത്തേക്ക് നീട്ടി നല്‍കുന്ന നടപടി പ്രഖ്യാപിച്ചത്. മുന്‍പ് ജോലിയില്‍ നിന്ന് പിരിച്ചുവിട്ട ജീവനക്കാര്‍ 30 ദിവസത്തിനകം രാജ്യം വിടണമെന്നാണ് യുഎഇയുടെ നിയമം. എന്നാല്‍ ഗ്രേസ് പിരീഡില്‍ ഇളവ് നല്‍കിയതോടെ ജോലി നഷ്ടപ്പെട്ടതിന് ശേഷം മൂന്ന് മുതല്‍ ആറ് മാസം വരെ രാജ്യത്ത് താമസിക്കാന്‍ നിയമം ആളുകളെ അനുവദിക്കുന്നു.
ഈ പരിഷ്‌കാരം പ്രവാസികള്‍ക്ക് വലിയ ആശ്വാസം നല്‍കുന്നു. ഇതിലൂടെ ജോലി നഷ്ടപ്പെട്ടവര്‍ക്ക് മറ്റൊരു ജോലി അന്വേഷിക്കാന്‍ മതിയായ സമയവും ലഭിക്കുന്നു. പ്രോജക്‌ട്‌സ് ഓഫ് ദി 50’ന്റെ ഭാഗമായി അവതരിപ്പിക്കപ്പെടുന്ന പ്രധാന നിയമനിര്‍മ്മാണ മാറ്റങ്ങളിലൊന്നാണിത്. ജോലി, നിക്ഷേപം, സംരംഭകത്വം, വിദ്യാഭ്യാസം, ജീവിതം എന്നിവയ്ക്കുള്ള അനുയോജ്യമായ സ്ഥലമെന്ന നിലയില്‍ യുഎഇയുടെ സ്ഥാനം വളര്‍ത്തുന്നതിനാണ് വിസ പരിഷ്‌കാരങ്ങള്‍ നടത്തുന്നത്. രാജ്യത്തെ പ്രതിഭകളെ നിലനിര്‍ത്തുന്നതിനുള്ള 50-ാം വര്‍ഷത്തേക്കുള്ള പരിഷ്‌കാരങ്ങളുടെ ഭാഗമായാണ് പദ്ധതി പ്രഖ്യാപിച്ചത്.