ആലപ്പുഴ : കൊറോണ പടരുന്ന പശ്ചാത്തലത്തിൽ ജീവനക്കാരുടെ ആരോഗ്യ-സാമ്പത്തിക പ്രശ്നങ്ങളിൽ ഒപ്പമുണ്ടാകുമെന്ന ഉറപ്പുമായി മലയാളിയുടെ അബുദാബി ആസ്ഥാനമായുള്ള സ്ഥാപനം. യു.എ.ഇ.യിലെ വിവിധ എമിറേറ്റുകളിലായി 11 ശാഖകളുള്ള എലൈറ്റ് ഗ്രൂപ്പ് ഓഫ് കമ്പനീസ് ആണ് 1800-ഓളം വരുന്ന തൊഴിലാളികൾക്ക് ഒപ്പമുണ്ടാകുമെന്ന ഉറപ്പ് നൽകിയിരിക്കുന്നത്. ജീവനക്കാരിൽ 90 ശതമാനവും മലയാളികളാണ്.
തൊഴിലാളികൾക്ക് എന്തെങ്കിലും ആരോഗ്യ പ്രശ്നമുണ്ടായാൽ ചികിത്സയ്ക്കാവശ്യമായ തുക കമ്പനി വഹിക്കുമെന്ന് മാനേജിങ് ഡയറക്ടർ ആർ. ഹരികുമാർ പറഞ്ഞു. ഐസൊലേഷൻ വേണ്ടി വന്നാൽ കമ്പനിയിൽ തന്നെ അതിന് ക്രമീകരണം നടത്തിയിട്ടുണ്ട്. ചികിത്സയും അവിടെ ലഭ്യമാക്കും. ആറു മാസത്തേക്ക് ജീവനക്കാരുടെ ശമ്പളം തടസ്സപ്പെടാതിരിക്കാനുള്ള ക്രമീകരണവും ഒരുക്കിയിട്ടുണ്ട്.
വീട്ടിലിരുന്ന് ജോലി ചെയ്യാൻ കഴിയുന്ന വിഭാഗത്തെ അതിന് അനുവദിച്ചിട്ടുണ്ട്. മറ്റുള്ളവരെ സുരക്ഷാ മുൻകരുതലോടെ ജോലിക്ക് അനുവദിച്ചിരിക്കുകയാണ്. കമ്പനിയും ജീവനക്കാരുെടെ താമസസ്ഥലവും അണുവിമുക്തമാക്കിയാണ് പ്രവർത്തിക്കുന്നത്. ജീവനക്കാരിൽ എഴുന്നൂറോളം പേർ ആലപ്പുഴക്കാരാണെന്നും അമ്പലപ്പുഴ സ്വദേശിയായ ഹരികുമാർ പറഞ്ഞു.