റാസല്‍ ഖൈമ : യുഎഇയിലെ എണ്ണ ഫാക്ടറിയില്‍ വന്‍ തീപിടുത്തം. റാസല്‍ ഖൈമയിലെ എണ്ണഫാക്ടറിയിലാണ് തീപിടുത്തം ഉണ്ടായത്. അഗ്നിശമന സേനാംഗങ്ങള്‍ സംഭവസ്ഥലത്തെത്തി തീ നിയന്ത്രണ വിധേയമാക്കി. തീപിടുത്തത്തില്‍ ആളപായമൊന്നും റിപ്പോര്‍ട്ട് ചെയ്തിട്ടില്ല. കഴിഞ്ഞ ദിവസം രാത്രി 7.30 ഓടെയാണ് അല്‍ ജാസിറ അല്‍ ഹംറയില്‍ തീപിടുത്തം ഉണ്ടായതെന്ന് റാസല്‍ഖൈമ സിവില്‍ ഡിഫന്‍സ് ഡയറക്ടര്‍ ബ്രിഗേഡിയര്‍ ജനറല്‍ മുഹമ്മദ് അബ്ദുല്ല അല്‍ സാബി വ്യക്തമാക്കി.
നാല് സിവില്‍ ഡിഫന്‍സ് സ്റ്റേഷനുകളില്‍ നിന്നുള്ള അഗ്നിശമന സേനാംഗങ്ങളെ സംഭവസ്ഥലത്തേക്ക് അയച്ചു. ഉമ്മുല്‍ ഖുവൈനില്‍ നിന്നുള്ള അധിക സംഘങ്ങളും ഓപ്പറേഷനില്‍ സഹായിച്ചുവെന്നും അദ്ദേഹം വ്യക്തമാക്കി. തീപിടുത്തത്തില്‍ ഉണ്ടായ നാശനഷ്ടങ്ങള്‍ ഇതുവരെ തിട്ടപ്പെടുത്തിയിട്ടില്ല. അതേസമയം തീപിടുത്തത്തിന്റെ കാരണമെന്താണെന്ന് വ്യക്തമല്ല. സംഭവത്തില്‍ വിശദമായ അന്വേഷണം നടത്തുമെന്ന് അധികൃതര്‍ അറിയിച്ചു.