വിഴിഞ്ഞം : ഉച്ചക്കട എല്‍.എം.എസ്.എല്‍.പി സ്കൂളില്‍ ഭക്ഷ്യസുരക്ഷ വിഭാഗം പരിശോധന നടത്തി. കഴിഞ്ഞ ദിവസങ്ങളില്‍ 26 കുട്ടികള്‍ക്ക് ഛര്‍ദിയും വയറിളക്കവും വന്നതിനുപിന്നാലെ ശനിയാഴ്ച അഞ്ച് കുട്ടികളെ കൂടി വിവിധ ആശുപത്രികളില്‍ പ്രവേശിപ്പിച്ചു. സ്കൂളിലെ സ്റ്റോര്‍ പൂട്ടി സീല്‍ ചെയ്തു. അരി, പാചകത്തിനുപയോഗിക്കുന്ന മസാലകള്‍ ഉള്‍പ്പെടെയുള്ള വിവിധതരം പൊടികളുടെ സാമ്പിളുകള്‍ അധികൃതര്‍ ശേഖരിച്ചു.
ഭക്ഷ്യ സുരക്ഷ വിഭാഗം കോവളം സര്‍ക്കിള്‍ ഫുഡ് സേഫ്റ്റി ഓഫിസര്‍ സി.വി. ജയകുമാറിന്റെ നേതൃത്വത്തിലാണ് പരിശോധന നടത്തിയത്. വെള്ളിയാഴ്ചയാണ് വെങ്ങാനൂര്‍ ഉച്ചക്കട എല്‍.എം.എല്‍.പി സ്‌കൂളിലെ വിദ്യാര്‍ഥികള്‍ക്ക് ഛര്‍ദിയും വയറിളക്കവും പനിയുമടക്കമുള്ള ശാരീരീക അസ്വാസ്ഥ്യങ്ങളുണ്ടായത്. വിവിധ ആശുപത്രികളില്‍ പ്രവേശിപ്പിച്ച കുട്ടികള്‍ ചികിത്സയ്ക്കുശേഷം വീടുകളിലേക്ക് മടങ്ങി. സ്കൂളില്‍നിന്ന് ഉച്ച ഭക്ഷണം കഴിച്ച് വീട്ടിലെത്തിയ കുട്ടികള്‍ക്ക് രാത്രിയോടെ ഛര്‍ദിയും വയറിളക്കവുമായതോടെയാണ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. സ്കൂളില്‍നിന്ന് ശേഖരിച്ച സാമ്പിളുകള്‍ പരിശോധനക്കയച്ച് ഫലം ലഭിച്ച ശേഷം തുടര്‍നടപടികള്‍ സ്വീകരിക്കുമെന്ന് അധികൃതര്‍ അറിയിച്ചു.