ചെന്നൈ: പ്രഖ്യാപന സമയം മുതല്‍ ശ്രദ്ധനേടിയ ചിത്രമാണ് ‘മാമന്നന്‍’. എന്നാല്‍ ഇപ്പോള്‍ മാമന്നന്‍ ചിത്രത്തിന്റെ റിലീസ് തടയണം എന്ന് ആവശ്യപ്പെട്ട് ഹര്‍ജിയില്‍ ചിത്രത്തിന്റെ നിര്‍മ്മാതാവും പ്രധാന നടനുമായ ഉദയനിധി സ്റ്റാലിന് നോട്ടീസ് അയച്ചിരിക്കുകയാണ് മദ്രാസ് ഹൈക്കോടതി. ജൂണ്‍ 28ന് മുന്‍പ് കോടതിക്ക് മറുപടി നല്‍കാനാണ് തമിഴ്‌നാട് യുവജനകാര്യ, സ്‌പോര്‍ട്‌സ് മന്ത്രി കൂടിയായ ഉദയനിധിക്ക് കോടതി നല്‍കിയ നിര്‍ദേശം. രാമ ശരവണന്‍ എന്ന നിര്‍മ്മാതാവാണ് മദ്രാസ് ഹൈക്കോടതിയെ സമീപിച്ചിരുന്നത്. ചിത്രം റിലീസ് ചെയ്യുന്നതിന് മുന്‍ ഉദയനിധി സ്റ്റാലിന്‍ 25 കോടി നഷ്ടപരിഹാരം നല്‍കണം. അല്ലെങ്കില്‍ സിനിമയുടെ റിലീസ് തടയണം എന്നാണ് പരാതിക്കാരന്റെ ഹര്‍ജിയില്‍ പറയുന്നത്.
ഉദയനിധി സിനിമാഭിനയം നിര്‍ത്തുന്നതുകാരണം തനിക്ക് കോടികളുടെ നഷ്ടംസംഭവിച്ചെന്ന് കാണിച്ച് ഒ.എസ്.ടി. ഫിലിംസ് ഉടമ രാമ ശരവണനാണ് ഹൈക്കോടതിയെ സമീപിച്ചത്. താന്‍ നിര്‍മിച്ച് കെ.എസ്. അതിയമാന്‍ സംവിധാനം ചെയ്യുന്ന എയ്ഞ്ചല്‍ എന്ന സിനിമയില്‍ അഭിനയിക്കാന്‍ ഉദയനിധി 2018-ല്‍ കരാറില്‍ ഒപ്പിട്ടിരുന്നുവെന്ന് ഹര്‍ജിയില്‍ പറയുന്നു. എയ്ഞ്ചല്‍ സിനിമയ്ക്കുവേണ്ടി താന്‍ 13 കോടിരൂപ മുടക്കിക്കഴിഞ്ഞെന്നും അത് പൂര്‍ത്തിയാക്കി പുറത്തിറക്കിയില്ലെങ്കില്‍ 25 കോടിരൂപ നഷ്ടം വരുമെന്നും ഹര്‍ജിയില്‍ പറയുന്നു.