പന്തളം : പന്തളം നഗരസഭയിലെ ബി.ജെ.പി ഭരണസമിതി രാജിവെക്കണമെന്ന് യു.ഡി.എഫ്. നഗരസഭ 2021-22 പദ്ധതിയിലെ കോടികള്‍ നഷ്ടപ്പെടുത്തിയെന്നും യു.ഡി.എഫ് ആരോപിച്ചു. നഗരസഭ 2021-22 പദ്ധതി പ്രവര്‍ത്തനം മാര്‍ച്ച് 31ന് അവസാനിപ്പിച്ചപ്പോള്‍ വിവിധ മേഖലകളില്‍ കോടിക്കണക്കിന് രൂപയാണ് നഷ്ടപ്പെടുത്തിയത്.
മെയിന്റനന്‍സ് ഗ്രാന്റില്‍ മാത്രം 1.26കോടി രൂപ സ്പില്‍ ഓവര്‍ ആക്കിയതിലൂടെ 80 ശതമാനം തുകയും നഷ്ടപ്പെടുത്തി. നോണ്‍ റോഡ് മെയിന്റനന്‍സിലും 37 ലക്ഷം രൂപ സ്പില്‍ ഓവര്‍ ആക്കിയിരിക്കുന്നു. പ്ലാന്‍ ഫണ്ടുള്‍പ്പെടെ കോടിക്കണക്കിന് രൂപയാണ് നഗരസഭയില്‍ തനതു വര്‍ഷം നടത്തേണ്ട പദ്ധതികളില്‍ നഷ്ടപ്പെടുത്തിയത്. ഉല്പാദന മേഖലയില്‍ 37 ശതമാനവും സേവന മേഖലയിലും പൊതുമരാമത്ത് മേഖലയിലും 56 ശതമാനവും മാത്രമാണ് ചെലവാക്കിയത്.
തനതുവര്‍ഷം വ്യക്തിഗത ആനുകുല്യങ്ങള്‍ പാവപ്പെട്ടവന് നല്‍കാന്‍പോലും കഴിയാത്ത അവസ്ഥയാണ്. ഭരണം ഏറ്റെടുത്ത നാള് മുതല്‍ അഴിമതിയും ധൂര്‍ത്തും നടത്തി തനതുഫണ്ടും ഇല്ലാതാക്കി. ഇങ്ങനെ സമസ്ത മേഖലയിലും പരാജയപ്പെട്ട ചെയര്‍പേഴ്സനും ഭരണസമിതിയും രാജിവെക്കണമെന്ന് യു.ഡി.എഫ് കൗണ്‍സിലര്‍മാരായ കെ.ആര്. വിജയകുമാര്‍, കെ.ആര്. രവി, പന്തളം മഹേഷ്, സുനിത വേണു, രത്നമണി സുരേന്ദ്രന് എന്നിവര്‍ ആവശ്യപ്പെട്ടു.