തിരുവനന്തപുരം : മുഖ്യമന്ത്രി പിണറായി വിജയന്‍ കോവിഡ് ചട്ടങ്ങള്‍ ലംഘിച്ചെന്ന ആരോപണം ശക്തമാക്കി പ്രതിപക്ഷം രംഗത്തെത്തി. മുഖ്യമന്ത്രിക്ക് വേണ്ടി പ്രത്യേകം പ്രോട്ടോക്കോള്‍ ഉണ്ടോ എന്ന ചോദ്യമാണ് പൊതുവില്‍ ഉയര്‍ത്തിയിരിക്കുന്നത്. ഇക്കാര്യം ചൂണ്ടികാട്ടി സൈബര്‍ ഇടത്തിലൂടെ വിമര്‍ശനവുമായി വട്ടിയൂര്‍ക്കാവിലെ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി വീണ എസ് നായര്‍ രംഗത്തുവന്നു. മുഖ്യമന്ത്രി പ്രവര്‍ത്തിച്ചതു പോലെ പ്രവര്‍ത്തിച്ചത് താനായിരുന്നെങ്കില്‍ ഇന്ന് സിപിഎമ്മുകാര്‍ വീടു തകര്‍ക്കില്ലേ എന്ന ചോദ്യമാണ് വീണ ഉയര്‍ത്തിയിരിക്കുന്നത്.
വീണയുടേ ഫേസ്‌ബുക്ക് കുറിപ്പ് ഇങ്ങനെയാണ്: ‘എനിക്ക് ഏപ്രില്‍ നാലിന് കോവിഡ് ലക്ഷണങ്ങള്‍ ഉണ്ടായിരുന്നു എന്ന് സങ്കല്‍പ്പിക്കുക. ഏപ്രില്‍ നാലിന് ഞാന്‍ തെരഞ്ഞെടുപ്പ് പ്രചാരണത്തില്‍ പങ്കെടുക്കുന്നു എന്ന് സങ്കല്‍പ്പിക്കുക. ഏപ്രില്‍ ആറിന് ജനങ്ങള്‍ക്ക് ഇടയില്‍ ക്യു നിന്ന് വോട്ട് ചെയ്തു എന്ന് സങ്കല്‍പ്പിക്കുക. രോഗബാധിതയായി 10 ദിവസം കഴിഞ്ഞശേഷം കോവിഡ് ടെസ്റ്റ് നടത്തണമെന്ന പ്രോട്ടോക്കോളും കാറ്റില്‍ പറത്തി എന്ന് സങ്കല്‍പ്പിക്കുക. നിങ്ങള്‍ എന്റെ വീട് അടിച്ചു തകര്‍ക്കുകയില്ലായിരുന്നോ സഖാക്കളേ?’ വീണ ചോദിക്കുന്നു.
അതേസമയം പിണറായി മുമ്പ് നടത്തിയ മരണത്തിന്റെ വ്യാപാരികള്‍ പ്രയോഗവും വീണ്ടും സൈബര്‍ ഇടത്തില്‍ ചര്‍ച്ചയായി. ഈ പ്രയോഗം പ്രതിപക്ഷ പാര്‍ട്ടികളാണ് കുത്തിപ്പൊക്കിയത്. പ്രവാസികളും പ്രതികരിച്ചു കൊണ്ട് രംഗത്തുണ്ട്. ഈ മാസം നാലുമുതല്‍ മുഖ്യമന്ത്രിക്ക് രോഗലക്ഷണങ്ങള്‍ ഉണ്ടായിരുന്നുവെന്ന് ആശുപത്രി അധികൃതര്‍ വ്യക്തമാക്കിയതോടെയാണ് മുഖ്യമന്ത്രി കോവിഡ് മാര്‍ഗനിര്‍ദേശങ്ങള്‍ ലംഘിച്ചെന്ന് ആരോപണം ശക്തമായത്. നാലാം തീയതിക്കുശേഷം മുഖ്യമന്ത്രി പൊതുയോഗങ്ങളില്‍ പങ്കെടുക്കുകയും ആള്‍ക്കൂട്ടത്തിനൊപ്പം വോട്ടുചെയ്യാനെത്തുകയും ചെയ്തിരുന്നു.
കുടുംബാംഗങ്ങള്‍ കോവിഡ് ബാധിതരായതിനെ തുടര്‍ന്നാണ് സമ്പര്‍ക്കപ്പട്ടികയിലുണ്ടായിരുന്ന മുഖ്യമന്ത്രി ഈ മാസം എട്ടിന് പരിശോധന നടത്തിയത്. രോഗം സ്ഥിരീകരിച്ചതിനെത്തുടര്‍ന്ന് അന്നു തന്നെ കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയും ചെയ്തു. എന്നാല്‍ വിശദമായി പരിശോധനയില്‍ ഈ മാസം നാലു മുതല്‍ രോഗലക്ഷണങ്ങളുണ്ടെന്ന് ഡോക്ടര്‍മാര്‍ മനസിലാക്കിയിരുന്നു.
ലക്ഷണങ്ങളുള്ള രോഗികളെ പത്തു ദിവസത്തിനു ശേഷം വീണ്ടും രോഗ മുക്തമായോ എന്ന് ടെസ്റ്റ് ചെയ്യണമെന്നാണു പ്രോട്ടോക്കോള്‍. മുഖ്യമന്ത്രിക്ക് ഈ മാസം നാലിന് രോഗലക്ഷണങ്ങള്‍ വന്നത് കണക്കാക്കിയാണ് പത്തു ദിവസത്തിനു ശേഷം ഇന്നലെ വീണ്ടും പരിശോധന നടത്തിയത്. നെഗറ്റീവായതിനെത്തുടര്‍ന്ന് ആശുപത്രി വിടുകയും ചെയ്തു. നാലിനു രോഗ ലക്ഷണങ്ങള്‍ കാണിച്ച മുഖ്യമന്ത്രി ടെസ്റ്റ് നടത്തുന്നത് വരെയുള്ള നാലു ദിവസം നിരവധി പൊതു പരിപാടികളില്‍ പങ്കെടുത്തിട്ടുണ്ട്. രോഗ ലക്ഷണങ്ങള്‍ കാണിച്ചിട്ടും ടെസ്റ്റ് നടത്താന്‍ എട്ടുവരെ കാത്തിരുന്നു എന്നും ആരോപണങ്ങള്‍ ഉയരുന്നു.