കോഴിക്കോട് : സംസ്ഥാന സര്‍ക്കാരിനെതിരെ യുഡിഎഫ് നടത്തുന്ന കുറ്റ വിചാരണ സദസ്സിൽ മുഖ്യമന്ത്രിക്കെതിരെ അടക്കം രൂക്ഷ വിമര്‍ശനവുമായി പ്രതിപക്ഷ നേതാക്കൾ. ധനാകാര്യ മാനേജ്മെന്റ് ഇടതുപക്ഷത്തിന് അറിയില്ലെന്ന് പികെ കുഞ്ഞാലിക്കുട്ടി വിമര്‍ശിച്ചപ്പോൾ, പിണറായി സർക്കാരിന്റെ പദ്ധതികൾ എല്ലാം ചാപിള്ളയെന്നായിരുന്നു കെ മുരളീധരന്റെ പ്രസംഗം. പ്രതിപക്ഷം പറയുന്ന കാര്യങ്ങളെല്ലാം ഹൈക്കോടതി ഉത്തരവിടുന്ന സ്ഥിതിയാണ് സംസ്ഥാനത്തെന്ന് പ്രതിപക്ഷ നേതാവും വിമര്‍ശിച്ചു. യുഡിഎഫ് വിചാരണ സദസിന്റെ സംസ്ഥാനതല ഉദ്ഘാടനം ബേപ്പൂരിലെ ഫറോക്കിൽ നിര്‍വഹിച്ച് സംസാരിച്ച പ്രതിപക്ഷ നേതാവ് വിഡി സതീശൻ, നവ കേരള സദസിനെത്തിരെ ഹൈക്കോടതിയുടെ 4 ഉത്തരവുകൾ വന്നുവെന്ന് ചൂണ്ടിക്കാട്ടി.
സ്കൂൾ ബസ് ഉപയോഗിക്കരുത് എന്ന് ആദ്യം, കുട്ടികളെ പങ്കെടുപ്പിക്കരുത്, തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലെ പണപ്പിരിവും ഹൈക്കോടതി തടഞ്ഞു. പുത്തൂർ സുവോളജിക്കൽ പാർക്കിലെ വേദി മാറ്റേണ്ടി വന്നു. പ്രതിപക്ഷം പറയുന്ന കാര്യങ്ങളെല്ലാം ഹൈക്കോടതി ഉത്തരവിടുന്ന സ്ഥിതിയാണ്. നാല് ഹൈക്കോടതി ഉത്തരവുകൾ ഈ അശ്ലീല നാടകത്തിന് എതിരെ ഉണ്ടായി. വൈദ്യുത വകുപ്പ് വൻ നഷ്ടത്തിലാക്കി. രണ്ട് തവണ വൈദ്യുത ബിൽ കൂട്ടി. സപ്ലൈകോയിൽ സാധനമില്ല. കെഎസ്ആര്‍ടിസിയിൽ ശമ്പളവും പെൻഷനും മുടങ്ങി. നെല്ല് സംഭരണത്തിന്റെ തുക നൽകിയില്ല. എല്ലാ മേഖലയിലും ധൂര്‍ത്തും കെടുകാര്യസ്ഥതയുമാണ്. ഒൻപത് സര്‍വകലാശാലകളിലും വൈസ് ചാൻസലര്‍മാരില്ല.
64 സര്‍ക്കാര്‍ കോളേജുകളിൽ പ്രിൻസിപ്പാൾമാരില്ല. എസ്എഫ്ഐയുടെ നേതാക്കൾ വ്യാജ സർട്ടിഫിക്കറ്റുകൾ ഉണ്ടാക്കുന്നു. കേരളത്തിലെ ഉന്നത വിദ്യാഭ്യാസ രംഗം തകർത്തു. സുപ്രീം കോടതി വിധി വന്നിട്ടും ഉന്നത വിദ്യാഭ്യാസ മന്ത്രി രാജി വയ്ക്കുന്നില്ല. ഗവർണറും മുഖ്യമന്ത്രിയും തമ്മിൽ നടക്കുന്നത് നാടകമാണ്. മുഖ്യമന്ത്രിയുടെ നിർദേശ പ്രകാരമാണ് ഗവർണർ വിസിക്ക് പുനർനിയമനം നടത്തിയത്. കൊവിഡിന്റെ മറവിൽ കാലാവധി കഴിയാറായ മരുന്നുകൾ വിതരണം ചെയ്തു. മരുന്ന് കമ്പനികളുമായി ദുരൂഹ ഇടപാടുകൾ നടത്തി. മരുന്നും ആശുപത്രി ഉപകരണങ്ങളും വാങ്ങുന്ന വകയിൽ നടത്തിയത് വൻ തട്ടിപ്പാണെന്നും അദ്ദേഹം ആരോപിച്ചു.