തിരുവനന്തപുരം : പ്രതിപക്ഷ നേതാവായി തെരഞ്ഞെടുക്കപ്പെട്ട വി.ഡി സതീശനെ സ്വാഗതം ചെയ്തും പൂർണ പിന്തുണ പ്രഖ്യാപിച്ചും മുസ്ലീം ലീഗ്. വി.ഡി സതീശന് പൂർണപിന്തുണ നൽകുമെന്ന് പി.കെ.കുഞ്ഞാലിക്കുട്ടി പറഞ്ഞു. കോൺഗ്രസ് നേതൃത്വം എടുക്കുന്ന ഏത് തീരുമാനത്തേയും പിന്തുണയ്ക്കാൻ നേരത്തെ തന്നെ തീരുമാനിച്ചിരുന്നു. പുതിയ തലമുറയുടെ പങ്ക് ഉറപ്പു വരുത്തുകയെന്നതാണ് തലമുറ മാറ്റത്തിലൂടെ ഉദ്ദേശിക്കുന്നത്.
കാലത്തിനനുസരിച്ചുള്ള ശൈലി മാറ്റം വേണമെന്ന പുതിയ തലമുറയുടെ ആവശ്യം മുസ്ലീം ലീഗിലും വലിയ മാറ്റങ്ങളുണ്ടാക്കുമെന്ന് പി.കെ.കുഞ്ഞാലിക്കുട്ടി പറഞ്ഞു. മികച്ച രീതിയിൽ സതീശൻ ശോഭിക്കും യു.ഡി.എഫിനെ ശക്തമായി തിരിച്ചു കൊണ്ടുവരാൻ വി.ഡി.സതീശന് കഴിയും. മുസ്ലീങ്ങളുടെ അട്ടിപ്പേറവകാശം ലീഗ് അവകാശപ്പെടുന്നില്ലെന്നും എന്നാൽ സർക്കാരിന്റെ അട്ടിപ്പേറവകാശം ഇല്ലെന്ന് സി.പി.എമ്മും മനസിലാക്കണമെന്നും കുഞ്ഞാലിക്കുട്ടി പറഞ്ഞു.