വൈക്കം : വൈക്കം മുനിസിപ്പാലിറ്റിയുടെ ഭരണം നിലനിര്‍ത്തി യുഡിഎഫ്. തിങ്കളാഴ്ച നടന്ന മുനിസിപ്പല്‍ തെരഞ്ഞെടുപ്പില്‍ യുഡിഎഫ് സ്ഥാനാര്‍ത്ഥി രാധിക ശ്യാം ഒരു വോട്ടിന്റെ ഭൂരിപക്ഷത്തില്‍ മുനിസിപ്പല്‍ ചെയര്‍പേഴ്‌സണായി തെരഞ്ഞെടുക്കപ്പെട്ടു. അധികാരം പങ്കിടല്‍ ധാരണ പ്രകാരം അടുത്തിടെ സ്ഥാനമൊഴിഞ്ഞ രേണുക രതീഷിന് പകരമാണ് പുതിയ ചെയര്‍പേഴ്‌സണ്‍. തെരഞ്ഞെടുപ്പില്‍ ഇടതുപക്ഷ ജനാധിപത്യ മുന്നണിയുടെ സ്ഥാനാര്‍ഥി സുശീല എം നായര്‍ക്ക് 10 വോട്ടുകള്‍ ലഭിച്ചപ്പോള്‍ രാധിക ശ്യാമിന് 11 വോട്ടുകള്‍ ലഭിച്ചു. ബിജെപി സ്ഥാനാര്‍ഥി ഒ.മോഹനകുമാരിക്ക് നാല് വോട്ടുകള്‍ മാത്രമാണ് ലഭിച്ചത്.
കൗണ്‍സിലിലെ രണ്ട് സ്വതന്ത്ര അംഗങ്ങളില്‍ എ.സി മണിയമ്മ എല്‍ഡിഎഫിന് അനുകൂലമായി വോട്ട് ചെയ്തു. മറ്റൊരു സ്വതന്ത്ര അംഗമായ അയ്യപ്പന്‍ വോട്ടെടുപ്പില്‍ നിന്ന് വിട്ടുനിന്നു. 26 അംഗ കൗണ്‍സിലില്‍ യുഡിഎഫിന് 11 അംഗങ്ങളും എല്‍ഡിഎഫിന് ഒമ്പതും, ബിജെപിക്ക് നാലും ബാക്കിയുള്ള രണ്ട് പേര്‍ സ്വതന്ത്രരുമാണ്. ആദ്യ റൗണ്ടില്‍ യുഡിഎഫിനും എല്‍ഡിഎഫിനും ഒരു വോട്ടിന്റെ വ്യത്യാസം വന്നതോടെ കുറഞ്ഞ വോട്ട് ലഭിച്ച സ്ഥാനാര്‍ഥിയെ ഒഴിവാക്കി മറ്റൊരു റൗണ്ട് തെരഞ്ഞെടുപ്പ് നടത്തി. എന്നാല്‍ വോട്ട് നില അതേപടി തുടരുകയും യുഡിഎഫ് സ്ഥാനാര്‍ത്ഥിയെ വിജയിയായി പ്രഖ്യാപിക്കുകയുമായിരുന്നു.