കോഴിക്കോട് : മുഖ്യമന്ത്രിയുടെ മലപ്പുറം പരാമര്‍ശം ഉള്‍പ്പെടെ വിവാദമാക്കിയതിന് പിന്നില്‍ യുഡിഎഫിന്റെ സ്ലീപ്പിംഗ് പാര്‍ട്‌നറായ ജമാഅത്തെ ഇസ്‌ലാമിയെന്ന് മന്ത്രി പി എ മുഹമ്മദ് റിയാസ്. വെട്ടിപ്പും തട്ടിപ്പും നടത്താതെ ഒരടി മുന്നോട്ടുപോകാന്‍ കഴിയില്ലെന്ന് യുഡിഎഫിന് മനസിലായി. അതിന് അവര്‍ ജമാഅത്തെ ഇസ്‌ലാമിയുടെ സഹായം തേടുകയാണ്. യുഡിഎഫിന് എല്ലാ സൗകര്യങ്ങളും ചെയ്തുകൊടുക്കുന്നത് ജമാഅത്തെ ഇസ്‌ലാമിയാണ്. ന്യൂനപക്ഷ വര്‍ഗീയത ഇനിയും ശക്തിപ്പെടണമെന്ന ആഗ്രഹിക്കുന്നവരാണ് ജമാഅത്തെ ഇസ്‌ലാമിയെന്നും മുഹമ്മദ് റിയാസ് പറഞ്ഞു. ഇന്ത്യയില്‍ ആര്‍എസ്എസ് തലയ്ക്ക് ഇനാം പ്രഖ്യാപിച്ച ഏക മുഖ്യമന്ത്രിയാണ് പിണറായി വിജയന്‍.
ബിജെപി വിരുദ്ധ നിലപാട് സ്വീകരിക്കുന്നവരുടെ മനസില്‍ ഇടതുപക്ഷ സര്‍ക്കാരിന്റെയും മുഖ്യമന്ത്രിയുടെയും വിശ്വാസ്യത തകര്‍ക്കുക എന്നതാണ് ലക്ഷ്യം. അതിലൂടെ യുഡിഎഫിനെ അധികാരത്തിലെത്തിക്കണം. യുഡിഎഫ്-ജമാഅത്തെ-കനഗോലു കേന്ദ്രങ്ങള്‍ ആലോചിക്കുന്നത് ഇക്കാര്യങ്ങളാണ്. കേരളത്തിലെ മതന്യൂനപക്ഷ വിഭാഗങ്ങള്‍ക്കിടയില്‍ മതവര്‍ഗീയത ആളിക്കത്തിച്ച് അവരെ തീവ്രവാദ ലൈനിലേക്ക് കൊണ്ടുപോകാനുള്ള ശ്രമമാണ് നടക്കുന്നത്. അവരുടെ കണ്ണില്‍ ഇടതുപക്ഷം കരടാണ്. അങ്ങനെയുള്ളവരെ യുഡിഎഫ് പാലൂട്ടി വളര്‍ത്തുകയാണെന്നും മുഹമ്മദ് റിയാസ് പറഞ്ഞു. ഏത് വിമാനത്താവളത്തില്‍ നിന്നാണോ സ്വര്‍ണം പിടിക്കുന്നത് ആ വിമാനത്താവളത്തിന്റെ പേര് ഉയര്‍ന്ന് കേള്‍ക്കും. സ്വര്‍ണം കടത്തുന്ന ആളുകള്‍ പല സ്ഥലങ്ങളില്‍ നിന്നുള്ളവരാണെന്ന് ഓര്‍ക്കണം. ആരോപണങ്ങള്‍ക്ക് പിന്നില്‍ കൃത്യമായ രാഷ്ട്രീയ അജണ്ടയുണ്ടെന്നും മുഹമ്മദ് റിയാസ് പറഞ്ഞു.