നെയ്യാറ്റിന്‍കര: ഉദയകുമാര്‍ ഉരുട്ടിക്കൊല കേസിലെ പ്രതിയും പോലീസ് ഉദ്യോഗസ്ഥനുമായ നെയ്യാറ്റിന്‍കര കോണ്‍വെന്റ് റോഡ് തങ്കം ബില്‍ഡിങ്സില്‍ ശ്രീകുമാര്‍(44) മരിച്ചു. കാന്‍സര്‍ ബാധിച്ചതിനെ തുടര്‍ന്ന് കഴിഞ്ഞ മൂന്ന് വര്‍ഷങ്ങളായി ചികിത്സയിലായിരുന്നു. തുടര്‍ ചികിത്സകള്‍ക്കായി അനുവദിച്ച ജാമ്യത്തില്‍ നെയ്യാറ്റിന്‍കരയിലെ സ്വകാര്യ ആശുപത്രിയില്‍ തുടരവെയാണ് മരിച്ചത്. കേസിലെ രണ്ടാം പ്രതിയായ ശ്രീകുമാറിന് വധശിക്ഷയും പിഴയുമാണ് 2018ല്‍ സിബിഐ പ്രത്യേക കോടതി വിധിച്ചത്. ചികിത്സ തുടരവെ കോവിഡ് പോസിറ്റീവ് ആയെങ്കിലും പിന്നീട് കോവിഡ് വിമുക്തനായി. അവസാനമായി തിരുവനന്തപുരത്ത് കന്റോണ്‍മെന്റ് സ്റ്റേഷനിലാണ് ജോലി നോക്കിയത്. അങ്ങനെ ലോക്കപ്പില്‍ ക്രൂരത കാട്ടിയ ശ്രീകുമാറിന് അസുഖം വധശിക്ഷ ഒരുക്കുകയായിരുന്നു.
ഉദയകുമാര്‍ ഉരുട്ടിക്കൊല കേസില്‍ ആറ് പോലീസുകാര്‍ കുറ്റക്കാരാണെന്ന് തിരുവനന്തപുരം സിബിഐ കോടതി വിധിച്ചിരുന്നു. ജിതകുമാര്‍, ശ്രീകുമാര്‍, ഇകെ സാബു, അജിത് കുമാര്‍, ഹരിദാസ് എന്നിവരായിരുന്നു് പ്രതികള്‍. ഇതില്‍ ഒന്നും രണ്ടും പ്രതികളായ ജിതകുമാര്‍, ശ്രീകുമാര്‍ എന്നിവര്‍ക്കെതിരായി കൊലക്കുറ്റം കോടതി ശരിവെച്ചിരുന്നു.
ഇതൊരു പാഠമാകണം.’ പ്രഭാവതിയമ്മയുടെ ഈ വാക്കുളെ കണ്ണീരോടെയാണ് മലയാളി നെഞ്ചിലേറ്റിയത്. ഒരു അമ്മയുടെ നീതിക്കായുള്ള പോരാട്ടത്തിന്റെ ഫലമായിരുന്നു ഉദയകുമാര്‍ ഉരുട്ടിക്കൊലയിലെ പോലീസുകാര്‍ക്കുള്ള വധശിക്ഷ. അപ്പീലും നൂലാമാലകളുമായി ഈ വധശിക്ഷ നീണ്ടു പോകുമ്പോള്‍ മറ്റൊരു വാര്‍ത്ത. കേസിലെ പ്രധാന പ്രതി കാന്‍സര്‍ രോഗം ബാധിച്ച് മരിച്ചു.
പോലീസുകാരായ കെ.ജിതകുമാര്‍, എസ്.വി.ശ്രീകുമാര്‍, കെ.സോമന്‍ എന്നിവര്‍ ചേര്‍ന്ന് ഉദയകുമാറിനെ ഉരുട്ടിയും മര്‍ദിച്ചും കൊലപ്പെടുത്തിയെന്നായിരുന്നു സിബിഐ കണ്ടെത്തല്‍. പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ടില്‍ ഇരുമ്പുപൈപ്പ് ഉപയോഗിച്ച് ഉരുട്ടിയതടക്കം 22 ഗുരുതര പരുക്കുകള്‍ ചൂണ്ടിക്കാണിച്ചിരുന്നു. മുന്‍ എസ്‌പിമാരായ ഇ.കെ.സാബു, ടി.കെ.ഹരിദാസ്, ഡിവൈഎസ്‌പി: ടി.അജിത് കുമാര്‍ എന്നിവര്‍ക്കെതിരെ തെളിവു നശിപ്പിച്ചതിനും വ്യാജ രേഖകള്‍ നിര്‍മ്മിച്ചതിനുമായിരുന്നു കേസ്. ആദ്യം ലോക്കല്‍ പോലീസും ക്രൈംബ്രാഞ്ചും അന്വേഷിച്ച കേസ് പിന്നീട് സിബിഐക്കു കൈമാറുകയായിരുന്നു. അതായതുകൊടു ക്രൂരത ചെയ്തത് ജിത്തുവും ശ്രീകുമാറും സോമനും കൂടിയായിരുന്നു. ഇതില്‍ വിചാരണ നടക്കുമ്പോള്‍ സോമന്‍ മരിച്ചു. ഇപ്പോള്‍ വധശിക്ഷ നടപ്പാകും മുമ്പ് ശ്രീകുമാറും. അതും നല്‍പ്പത്തിനാലാം വയസ്സില്‍ കാന്‍സര്‍ ബാധിച്ച്.
2018 ജൂലൈ 25നായിരുന്നു ഫോര്‍ട്ട് പോലീസ് സ്‌റ്റേഷനിലെ പ്രതികളായ പോലീസുകാര്‍ക്കെതിരെ കോടതി ശിക്ഷ വിധിച്ചത്. ‘തന്റെ ഗുണ്ടകള്‍ ഒരുത്തനെ തല്ലിക്കൊന്നിട്ടിട്ടുണ്ട്’. സ്‌കൂളില്‍ സഹപാഠിയായിരുന്ന മേലുദ്യോഗസ്ഥനോടു ഫോര്‍ട്ട് സ്റ്റേഷനിലെ ഹെഡ് കോണ്‍സ്റ്റബിള്‍ വിജയകുമാര്‍ ഫോണില്‍ പറഞ്ഞ ഈ വാചകമാണ് ഉരുട്ടിക്കൊലക്കേസില്‍ സിബിഐക്കു നിര്‍ണായക തെളിവായത്. ഇതു മുഖ്യതെളിവില്‍ ഒന്നായി കുറ്റപത്രത്തില്‍ ഉള്‍പ്പെടുത്തുകയും ചെയ്തു. വിചാരണയ്‌ക്കൊടുവില്‍ കോടതി രണ്ട് പോലീസുകാര്‍ക്ക് വിധിച്ചത് വധശിക്ഷയും.