ന്യൂഡൽഹി : ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ ജാതിയുടെ പേരിലുള്ള വിവേചനങ്ങളും അവഹേളനങ്ങളും തടയാനുള്ള മാർഗനിർദേശം തയ്യാറാക്കിയെന്ന് സുപ്രീംകോടതിയെ അറിയിച്ച് യുജിസി. മതം, ജാതി, വംശം, ലിംഗം, ജന്മദേശം തുടങ്ങിയവയുടെ പേരിലുള്ള അവഹേളനങ്ങൾ പൂർണമായും ഇല്ലാതാക്കാനുള്ള വ്യവസ്ഥകൾ ഉൾക്കൊള്ളിച്ചാണ് പുതിയ മാർഗനിർദേശങ്ങൾ. ഇതിന്റെ കരട് രേഖയിൽ മാർച്ച് 28വരെ പൊതുജനങ്ങൾക്ക് അഭിപ്രായം രേഖപ്പെടുത്താം. ജാതിവിവേചനങ്ങളെ തുടർന്ന് ആത്മഹത്യ ചെയ്‌ത രോഹിത് വെമുലയുടെയും പായൽ തഡ്‌വിയുടെയും അമ്മമാർ സമർപ്പിച്ച ഹർജിയിൽ സുപ്രീംകോടതി നേരത്തെ യുജിസിയുടെയും കേന്ദ്രസർക്കാരിന്റെയും നിലപാട് തേടിയിരുന്നു.
പുതിയ മാർഗനിർദേശങ്ങൾ കൃത്യമായി പാലിക്കാത്ത വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ അംഗീകാരം ഇല്ലാതാക്കുമെന്നും യുജിസിക്ക് വേണ്ടി ഹാജരായ സോളിസിറ്റർ ജനറൽ തുഷാർ മെഹ്‌ത പറഞ്ഞു. മാർഗനിർദേശങ്ങൾ പാലിക്കാത്ത ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് ബിരുദങ്ങൾ നൽകാനോ യുജിസി പദ്ധതികളുടെ ഭാഗഭാക്കാവാനോ കഴിയില്ല. ഇത്തരം സ്ഥാപനങ്ങളുടെ അംഗീകാരം ഇല്ലാതാക്കാനും ഫണ്ടുകൾ തടയാനുമുള്ള അധികാരം യുജിസിക്കുണ്ടാകും. മാർഗനിർദേശങ്ങൾ അനുസരിച്ച് എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങളിലും തുല്യത ഉറപ്പാക്കാനുള്ള പ്രത്യേക കമ്മിറ്റി രൂപീകരിക്കും. അധ്യാപകരുടെയും വിദ്യാർഥികളുടെയും പൊതുസമൂഹത്തിന്റെയും പ്രതിനിധികൾ ഈ കമ്മിറ്റികളിലുണ്ടാകും. കമ്മിറ്റികളിൽ വനിതാ പ്രതിനിധിക്ക് പുറമേ എസ്‌സി, എസ്‌ടി വിഭാഗത്തിന്റെ പ്രതിനിധിയുമുണ്ടാകും. വ്യാജപരാതികൾക്ക് പിഴശിക്ഷയും വ്യവസ്ഥ ചെയ്‌തിട്ടുണ്ട്.