കൊല്ലം : രാജ്യസുരക്ഷയെപ്പോലും ബാധിക്കുന്ന അതീവ ഗൗരവമുള്ള ഒരു കുറ്റം നടന്നിട്ടും ജനങ്ങളുടെ സംശയം ദൂരീകരിക്കുന്നതിനാവശ്യമായ ഒരന്വേഷണം പോലും പ്രഖ്യാപിക്കാത്ത മുഖ്യമന്ത്രി പിണറായി വിജയന് ജനത്തിനെ ഭയമാണെന്ന് മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി. തോക്കും വെടിയുണ്ടയും കാണാതായെന്ന സി.എ.ജി. റിപ്പോര്‍ട്ടില്‍ സി.ബി.ഐ. അന്വേഷണമാവശ്യപ്പെട്ട് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ നടത്തിയ പോലീസ് സ്റ്റേഷന്‍ മാര്‍ച്ച് കൊല്ലം ഈസ്റ്റ് പോലീസ് സ്റ്റേഷന് മുന്‍പില്‍ ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.
തോക്കും വെടിയുണ്ടകളും കാണാതായ സംഭവത്തില്‍ സി.ബി.ഐ. അന്വേഷണത്തിന് മുഖ്യമന്ത്രി അടിയന്തര നടപടികള്‍ സ്വീകരിക്കണം . സി.എ.ജി. റിപ്പോര്‍ട്ടില്‍ പറയുന്നത് തോക്കുകളും വെടിയുണ്ടകളും കാണാനില്ലെന്നാണ്. എന്നാല്‍ പിന്നീട് ഡിജിപി ബെഹ്റയുടെ പോലീസ് നടത്തിയ അന്വേഷണത്തില്‍ തോക്കുകളൊന്നും നഷ്ടപ്പെട്ടിട്ടില്ലെന്നാണ് പറയുന്നത് . എങ്കില്‍ സി.എ.ജി.ക്ക് തെറ്റായ വിവരങ്ങള്‍ നല്‍കിയതാരാണ്. അവര്‍ക്കെതിരേ നടപടികള്‍ സ്വീകരിക്കാന്‍ എന്തിനാണ് മുഖ്യമന്ത്രി മടിക്കുന്നതെന്നും ഉമ്മന്‍ ചാണ്ടി ചോദിച്ചു .