പത്തനംതിട്ട : തിരുവല്ല, പുളിക്കീഴ് പോലീസ് സ്റ്റേഷനുകളുടെ പരിധിയില്‍ അനധികൃത പച്ചമണ്ണ് കടത്തുന്നതായുള്ള വിവരം ലഭിച്ചതിനെ തുടര്‍ന്ന് പോലീസ് നടത്തിയ പരിശോധനയില്‍ രണ്ടു വാഹനങ്ങള്‍ പിടിച്ചെടുത്തു. തിരുവല്ല തോട്ടഭാഗത്ത് അനധികൃതമായി പച്ചമണ്ണ് ഖനനം ചെയ്തതിനു ഷാഡോ പോലീസ് ജെസിബി പിടിച്ചെടുത്ത് തിരുവല്ല പോലീസില്‍ ഏല്‍പിച്ചു.
പാടത്തുപാലം പ്രദേശത്തു വയല്‍ നികത്തുന്നതായുള്ള പരാതിയെത്തുടര്‍ന്ന് അന്വേഷണം നടത്തുമെന്ന് ജില്ലാ പോലീസ് മേധാവി കെജി സൈമണ്‍ അറിയിച്ചു. പുളിക്കീഴ് പരുമലയില്‍ അനധികൃത പച്ചമണ്ണ് കടത്തിക്കൊണ്ടുവന്ന ലോറി ഷാഡോ പോലീസ് സംഘം പിടികൂടി തുടര്‍ നടപടികള്‍ക്കായി പുളിക്കീഴ് പോലീസില്‍ ഏല്‍പിച്ചു. അനധികൃത പച്ചമണ്ണ് തുടങ്ങിയവയുടെ ഖനനവും കടത്തും തടയുന്നതിന് ശക്തമായ റെയ്ഡും പരിശോധനകളും ജില്ലയില്‍ തുടരുമെന്ന് ജില്ലാപോലീസ് മേധാവി പറഞ്ഞു.
കോവിഡ് വ്യാപനവുമായി ബന്ധപ്പെട്ട പ്രധിരോധനടപടികളുടെ ഡ്യൂട്ടിയില്‍ പോലീസ് വ്യാപൃതമായതിന്റെ മറവില്‍ ഇത്തരം കുറ്റകൃത്യങ്ങളില്‍ ഏര്‍പെടുന്നവര്‍ക്കെതിരെ കര്‍ശന നിയമനടപടികള്‍ തുടരുമെന്നും ജില്ലാ പോലീസ് മേധാവി വ്യക്തമാക്കി. റെയ്ഡിലും പരിശോധനകളിലും എസ് ഐ ആര്‍ എസ് രഞ്ജു, എ എസ് ഐമാരായ വില്‍സണ്‍, ഹരികുമാര്‍, സി.ആര്‍. ശ്രീകുമാര്‍, സി.പി.ഒ ശ്രീരാജ് എന്നിവരുണ്ടായിരുന്നു.