തിരുവല്ല : തിരുവല്ല ബൈപ്പാസ് റോഡില്‍ നിര്‍ത്തിയിടുന്ന വാഹനങ്ങളുടെ ഗ്ലാസ്സുകള്‍ അനുവാദമില്ലാതെ വൃത്തിയാക്കുവാനെത്തുന്ന സംഘങ്ങള്‍ യാത്രക്കാര്‍ക്ക് ഭീഷണിയാവുന്നു. തിരുവല്ല ബൈപ്പാസ് റോഡിലെ ട്രാഫിക് സിഗ്നലിൽ മുന്നോട്ട് പോകുവാന്‍ അനുമതി കാത്തുകിടക്കുന്ന വാഹനങ്ങളുടെ ഗ്ലാസുകൾ വാഹന ഉടമകളുടെ സമ്മതമില്ലാതെ വൃത്തിയാക്കി പണം ആവശ്യപ്പെടുന്നതാണ് ഇവരുടെ രീതി. പണം നൽകാൻ വിസമ്മതിക്കുന്നവരോട് നിർബന്ധപൂർവ്വം ആവശ്യപ്പെടുന്നതായും പരാതിയുണ്ട്. ഇതര സംസ്ഥാനങ്ങളിൽ നിന്നെത്തുന്ന സ്ത്രീകളും പുരുഷന്മാരും കുട്ടികളും ഉൾപ്പെടുന്ന സംഘമാണ് നിര്‍ത്തിയിടുന്ന വാഹനങ്ങൾക്കിടയിലൂടെ നടന്ന് ഗ്ലാസ് വൃത്തിയാക്കുകയും പണം ആവശ്യപ്പെടുകയും ചെയ്യുന്നത്. ഏകദേശം 15 പേരടങ്ങുന്ന സംഘമാണ് ഇവിടെ സ്ഥിരമായി എത്തുന്നത്.
തിരക്കേറിയ ബൈപ്പാസ് റോഡിൽ കുട്ടികളടങ്ങുന്ന സംഘങ്ങള്‍ വാഹനങ്ങൾക്കിടയിലൂടെ ഇറങ്ങി നടക്കുന്നത് വലിയ അപകട ഭീഷണിയാണ് ഉയർത്തുന്നത്. സിഗ്നൽ മാറി വാഹനങ്ങൾ മുന്നോട്ടെടുക്കുമ്പോൾ ഇവരെ തട്ടാതെ വാഹനം ഓടിക്കാൻ ഡ്രൈവർമാർ ഏറെ ബുദ്ധിമുട്ടുകയാണ്. പെട്ടെന്ന് വാഹനങ്ങൾക്ക് മുന്നിലേക്ക് കുട്ടികളടക്കം എത്തുന്നതിനാൽ അപകടസാധ്യതയും വർദ്ധിക്കുന്നു. വാഹനങ്ങളുടെ ഗ്ലാസ് വൃത്തിയാക്കുന്നതിനിടെ റോഡിൽ തന്നെ നിൽക്കുന്നതും വാഹനങ്ങൾക്കിടയിലൂടെ സഞ്ചരിക്കുന്നതും ഗതാഗത തടസ്സത്തിനും കാരണമാകുന്നുണ്ട്. ഭിക്ഷാടനം ഉൾപ്പെടെയുള്ള ഇത്തരം പ്രവർത്തനങ്ങൾ നിയന്ത്രിക്കുന്നതിനും കുട്ടികളെ തിരക്കേറിയ റോഡിൽ ഇറക്കി അപകടത്തിലാക്കുന്ന സാഹചര്യം ഒഴിവാക്കുന്നതിനും അധികൃതർ അടിയന്തിര നടപടി സ്വീകരിക്കണമെന്നാണ് യാത്രക്കാരുടെയും നാട്ടുകാരുടെയും ആവശ്യം.































