പെരുമ്പെട്ടി : കൊറ്റനാട് പ്രാഥമികാരോഗ്യകേന്ദ്രത്തിന്റെ ആഭിമുഖ്യത്തിൽ മത്സ്യവില്പനകേന്ദ്രങ്ങൾ, ഹോട്ടലുകൾ, തട്ടുകടകൾ എന്നിവിടങ്ങളിൽ പരിശോധന നടത്തി, പഴകിയ ഭക്ഷണപദാർഥങ്ങൾ കണ്ടെടുത്ത് നശിപ്പിച്ചു. ശരിയായ മാലിന്യ സംസ്‌കരണ സംവിധാനം ഇല്ലാത്ത പൊതുജലസ്രോതസ്സ് മലിനമാക്കുന്ന മത്സ്യവ്യാപാര സ്ഥാപനത്തിന് നോട്ടീസ് നല്കി. കോട്ടാങ്ങൽ പബ്ലിക് ഹെൽത്ത് ഓഫീസർമാരായ ഹെൽത്ത് ഇൻസ്‌പെക്ടർ പ്രദീപ് ബി. പിള്ള, ജൂനിയർ ഹെൽത്ത് ഇൻസ്‌പെക്ടർ ആശിഷ് പ്രേം എന്നിവരുടെ നേതൃത്വത്തിലാണ് കൊറ്റനാട് പഞ്ചായത്തിലെ പെരുമ്പെട്ടി മേഖലയിൽ പരിശോധന നടത്തിയത്. വൃത്തിഹീനമായ സാഹചര്യത്തിൽ ഭക്ഷണം പാകംചെയ്ത് വിതരണം നടത്തിയ ഹോട്ടലുകൾക്ക് നോട്ടീസ് നല്കി.
ഭക്ഷണ പദാർത്ഥങ്ങൾ കൈകാര്യംചെയ്യുന്ന വ്യക്തികൾക്ക് ടൈഫോയ്ഡ് വാക്‌സിൻ ഉൾപ്പെടെ എടുത്ത ഹെൽത്ത് കാർഡ് നിർബന്ധമാണെന്ന് മെഡിക്കൽ ഓഫീസർ ഡോ. ബി.ഷാജി അറിയിച്ചു. സ്ഥാപനങ്ങളിൽ ഉപയോഗിക്കുന്ന കുടിവെള്ളം പരിശോധിച്ച് ഗുണനിലവാരം ഉറപ്പുവരുത്തണമെന്നും പൊതുജനങ്ങൾക്ക് ശല്യമാകുന്ന രീതിയിലും പകർച്ചവ്യാധികൾ പടർന്നുപിടിക്കുന്ന സാഹചര്യം സൃഷ്ടിക്കുന്ന തരത്തിലും പ്രവർത്തിക്കുന്ന സ്ഥാപനങ്ങൾക്ക് എതിരേ കർശന നടപടി സ്വീകരിക്കുമെന്നും മെഡിക്കൽ ഓഫീസർ അറിയിച്ചു.