പത്തനംതിട്ട: പമ്പയിൽ നിന്ന് സന്നിധാനം വരെ വിവിധ വകുപ്പുകളുടെ കേബിളുകൾ ഭൂമിക്കടിയിലൂടെ കൊണ്ടുപോകാനാവുന്ന തരത്തിലുള്ള ഇടനാഴി പരിഗണനയിൽ. വൈദ്യുതിബോർഡ്, ദേവസ്വം ബോർഡ്, പോലീസ്, ബിഎസ്എൻഎൽ എന്നീ വകുപ്പുകളായിരിക്കും ഗുണഭോക്താക്കൾ. ഈ വകുപ്പുകളും വനംവകുപ്പും ചേർന്നുള്ള സംയുക്ത പരിശോധനയ്ക്കുശേഷമായിരിക്കും അന്തിമ രൂപമാവുക. കഴിഞ്ഞയാഴ്ച നീലമലപ്പാതയിൽ കുടിവെള്ള കിയോസ്‌കിൽ നിന്ന് ഷോക്കേറ്റ് തീർഥാടക മരിച്ച പശ്ചാത്തലത്തിലാണ് ഭൂഗർഭ കേബിളിന്റെ ആവശ്യകത ഉയർന്നത്. നീലിമലപ്പാതയിൽ കെഎസ്ഇബി ഭൂഗർഭ കേബിൾ ഇടാൻ എട്ടുകോടി രൂപ അനുവദിച്ച് നടപടിയുമായി മുന്നോട്ടുപോകാൻ തുടങ്ങുമ്പോഴാണ് കേബിൾ ഇടനാഴി എന്ന ആശയം ഉയർന്നുവന്നത്.
കെഎസ്ഇബിയെ കൂടാതെ ദേവസ്വം ബോർഡിന്റെ വൈദ്യുതലൈനുകളും പമ്പ സന്നിധാനം റൂട്ടിലുണ്ട്. പോലീസിന്റെ കമ്യൂണിക്കേഷൻ വിഭാഗത്തിന്റെ കേബിളുകളും ബിഎസ്എൻഎലിന്റെ ഒപ്റ്റിക്കൽ ഫൈബർ കേബിളുകളും ഇതുവഴിയുണ്ട്.എല്ലാറ്റിനുംകൂടി ഒരു ഇടനാഴി ഉണ്ടായാൽ കൂടുതൽ സൗകര്യമാകുമെന്ന നിർദേശത്തിന് പൊതു സ്വീകാര്യത കിട്ടുകയായിരുന്നു. ദേവസ്വം ബോർഡിന്റെ മേൽനോട്ടത്തിലുള്ള സംവിധാനമാണ് ആലോചിക്കുന്നത്.നീലിമലപ്പാതയിലൂടെ ഭൂഗർഭ ഇടനാഴി സ്ഥാപിക്കുമ്പോൾ ആദ്യം പരിഗണിച്ചത് അയ്യപ്പൻമാർ നടന്നുപോകുന്ന വഴിയുടെ അടിഭാഗമാണ്. എന്നാൽ അവിടെ കുഴിച്ചാൽ തീർഥാടകർക്ക് അസൗകര്യമാകുമെന്ന വിലയിരുത്തലുണ്ടായി. കുഴിക്കാതെ തുരന്നുപോകുന്ന ഇടനാഴി ഉണ്ടാക്കുന്നതും ആലോചിച്ചു.
എന്നാൽ നീലിമല കയറ്റത്തിൽ ഇടയ്ക്ക് ഭൂമിക്കടിയിൽ പാറ കാണാനുള്ള സാധ്യതമൂലം അതും വേണ്ടെന്നുവെച്ചു. അയ്യപ്പൻമാർ നടക്കുന്ന വഴിയുടെ വശത്തുകൂടി കേബിൾ ഇടനാഴി സ്ഥാപിക്കുന്നതാണ് ഒടുവിൽ ഉയർന്ന നിർദേശം. എന്നാൽ നീലിമലപ്പാതയ്ക്കു പുറത്താകുമ്പോൾ അത് വനഭൂമിയാണ്. അവിടെ കുഴിച്ച് കേബിൾ സ്ഥാപിക്കണമെങ്കിൽ വനംവകുപ്പിന്റെ അനുമതിയും വേണം.ഇക്കാരണത്താലാണ് എല്ലാ വകുപ്പുകളുടെയും സംയുക്ത പരിശോധന നടത്താൻ നിശ്ചയിച്ചത്.ശബരിമല ഉന്നതാധികാര സമിതി കഴിഞ്ഞയാഴ്ച ചേർന്നപ്പോൾ വൈദ്യുതി വിതരണം ഭൂഗർഭ കേബിളുകൾ വഴിയാക്കണമെന്ന നിർദേശം ഉയർന്നിരുന്നു.