ഡല്‍ഹി : ലോകത്തെ മിക്ക രാജ്യങ്ങളും കൊവിഡിനെ പ്രതിരോധിക്കാന്‍ ലോക്ക് ഡൗണ്‍ തുടരുമ്പോള്‍ ഇതിന്റെ കെടുതികള്‍ ഏറെ അനുഭവിക്കേണ്ടി വരുന്നത് കുട്ടികളായിരിക്കുമെന്ന് യൂണിസെഫ് പഠനം. അടിയന്തര നടപടികള്‍ സ്വീകരിച്ചില്ലെങ്കില്‍ ദക്ഷിണേഷ്യയില്‍ ആറു മാസത്തിനുള്ളില്‍ നാലു ലക്ഷം കുട്ടികള്‍ മരണപ്പെടുമെന്നും പഠനം പറയുന്നു. ഇതില്‍ മൂന്നു ലക്ഷം പേരും ഇന്ത്യയിലായിരിക്കുമെന്നാണ് വെളിപ്പെടുത്തല്‍.
കൊവിഡ് പ്രതിസന്ധി മൂലം ആരോഗ്യ സംവിധാനങ്ങള്‍ തകരുന്നതാണ് കുട്ടികളെ പ്രതികൂലമായി ബാധിക്കുന്നത്. ദി ലാന്‍സെറ്റ് ഗ്ലോബല്‍ ഹെല്‍ത്ത് ജേണലില്‍ പ്രസിദ്ധീകരിച്ച ഗവേഷണ പഠന റിപ്പോര്‍ട്ടിലാണ് ഇക്കാര്യങ്ങള്‍ വ്യക്തമാക്കിയിരിക്കുന്നത്. പാകിസ്ഥാന്, ബംഗ്ലാദേശ്, അഫ്ഗാനിസ്ഥാന്, നേപ്പാള്‍ എന്നീ രാജ്യങ്ങളിലും നിരവധി കുട്ടികളുടെ ജീവന് അപകടത്തിലാണെന്നും പഠനത്തില്‍ പറയുന്നു. അഞ്ചു വയസ്സില്‍ താഴെയുള്ള കുട്ടികളെയാണ് ഇതു കൂടുതലും ബാധിക്കുന്നത്. മഹാമാരിക്കെതിരെ പോരാടുമ്പോള്‍ തന്നെ പതിറ്റാണ്ടുകളായി കുട്ടികളുടെ മരണനിരക്ക് കുറയ്ക്കാന്‍ നടത്തിയ പ്രവര്‍ത്തനങ്ങളും മുന്നോട്ടു കൊണ്ടുപോകണമെന്ന് യൂണിസെഫ് ദക്ഷിണേഷ്യ റീജണല്‍ ഡയറക്ടര്‍ ജീന്‍ ഗൗ ആവശ്യപ്പെട്ടു.