പത്തനംതിട്ട : വടശ്ശേരിക്കര പേഴുംപാറയിലെ ജനവാസ മേഖലയില്‍ ഇറങ്ങിയ കടുവയെ തിരയുന്ന വനംവകുപ്പ് സംഘത്തോടൊപ്പം പോലീസിന്റെ പ്രത്യേക വൈദഗ്ധ്യം നേടിയ മൂന്നു ഷാര്‍പ്പ് ഷൂട്ടര്‍മാരെക്കൂടി നിയോഗിച്ചതായി രാജു ഏബ്രഹാം എംഎല്‍എ അറിയിച്ചു. വനം വകുപ്പ് മന്ത്രി കെ രാജുവാണ് ഇത് സംബന്ധിച്ച അറിയിപ്പ് നല്‍കിയതെന്ന് എം.എല്‍.എ പറഞ്ഞു.
വ്യാഴാഴ്ച രാവിലെ വനം വകുപ്പ് മന്ത്രിയുമായി നടത്തിയ ചര്‍ച്ചയില്‍ പ്രത്യേക ഷാര്‍പ്പ് ഷൂട്ടര്‍മാരെ നിയോഗിക്കണമെന്ന് എംഎല്‍എ മന്ത്രിയോട് ആവശ്യപ്പെട്ടിരുന്നു. തുടര്‍ന്ന് വനംമന്ത്രി ഇക്കാര്യം മുഖ്യമന്ത്രി പിണറായി വിജയന്റെ ശ്രദ്ധയില്‍ പെടുത്തി. മുഖ്യമന്ത്രിയുടെ നിര്‍ദേശപ്രകാരം ഡിജിപിയാണ് വനം വകുപ്പ് സംഘത്തോടൊപ്പം പോലീസിനെക്കൂടി നിയോഗിച്ച് ഉത്തരവിട്ടിരിക്കുന്നത്. ഇവര്‍ വ്യാഴാഴ്ച തന്നെ തന്നെ ചുമതലയേല്‍ക്കും.
കടുവ ഭീതി മൂലം സന്ധ്യ ആയാല്‍ ആര്‍ക്കും വീടിന് പുറത്തിറങ്ങാന്‍ പറ്റാത്ത സ്ഥിതിയാണ്. പകല്‍ പോലും ഒറ്റയ്ക്ക് എവിടേക്കും പോകാന്‍ കഴിയാത്ത അവസ്ഥ. കര്‍ഷകരും ടാപ്പിംഗ് തൊഴിലാളികളും ഉള്‍പ്പെടെ എല്ലാവരും ഭീതിയിലാണ്. കന്നുകാലികളുടെ ജീവനും കടുവ ഭീഷണിയായിരിക്കുന്നത് ക്ഷീരകര്‍ഷകരെ ഏറെ ആശങ്കയിലാഴ്ത്തിയിട്ടുണ്ട്. ഓരോ ദിവസവും പല മേഖലകളിലേക്ക് കടുവ മാറി പോകുന്നതും തെരച്ചിലിന് ബുദ്ധിമുട്ടുണ്ടാക്കുന്നുണ്ട്. ഈ പ്രശ്നങ്ങളെല്ലാം വനം മന്ത്രിയുടെ ശ്രദ്ധയില്‍പ്പെടുത്തിയതിനെ തുടര്‍ന്നാണ് അടിയന്തിര നടപടി സ്വീകരിച്ചതെന്നും എംഎല്‍എ അറിയിച്ചു.