ദില്ലി : രാജ്യത്ത് നഴ്‌സിങ്ങ് രംഗത്ത് ജോലി ചെയ്യുന്നവരുടെ എണ്ണം കൂട്ടാൻ നടപടികൾ സ്വീകരിച്ചതായി കേന്ദ്ര ആരോഗ്യ സഹമന്ത്രി ഭാരതി പ്രവീൺ പവാർ രാജ്യസഭയിൽ അറിയിച്ചു. ആയിരം പേരിൽ 1.96 എന്നതാണ് രാജ്യത്ത് നിലവിൽ നഴ്‌സുമാരുടെ കണക്ക്. ഇത് കൂട്ടാനായി നഴ്‌സിംഗ് വിദ്യാഭ്യാസ സ്ഥാപനങ്ങൾ തുടങ്ങുന്നതിനുള്ള നടപടികളിൽ ഇളവ് അനുവദിച്ചതായി മന്ത്രി വ്യക്തമാക്കി.
മെഡിക്കൽ കോളേജുകൾക്ക് പുറമെ മൂന്നൂറു കിടക്കകൾ ഉള്ള ആശുപത്രികൾക്കും നഴ്‌സിംഗ് പഠിപ്പിക്കാൻ അനുമതി ലഭിക്കും. നൂറ് സീറ്റ് ഇത്തരം കൊളേജുകൾക്ക് ലഭിക്കും. നഴ്‌സിംഗ് കോളേജ് തുടങ്ങുന്ന സ്ഥലവുമായി ബന്ധപ്പെട്ട നിബന്ധന എടുത്തു നീക്കി. ഇത് കൂടാതെ നഴ്‌സിംഗ് ബിരുദ, ഡിപ്ലോമ കോഴ്സൂകളിൽ പ്രവേശനത്തിനുള്ള മാനദണ്ഡങ്ങളും ഇളവ് ചെയ്തിട്ടുണ്ട്.