ന്യൂഡല്‍ഹി : സിൽവർ ലൈൻ വേഗ റെയിൽ പദ്ധതിയുമായി ബന്ധപ്പെട്ട് യുഡിഎഫ് എംപിമാരെ മാത്രം പങ്കെടുപ്പിച്ചു യോഗം വിളിക്കുന്നതിൽ കേന്ദ്ര റെയിൽവേ മന്ത്രി അശ്വിനി വൈഷ്ണവിനെ എൽഡിഎഫ് എംപിമാർ അതൃപ്തിയറിയിച്ചു. ഇതെത്തുടർന്ന് മന്ത്രി യോഗം മാറ്റിവെച്ചു. പുതിയ യോഗത്തിൽ ഇരുകൂട്ടരെയും ഒരുമിച്ചു വിളിച്ചു പ്രശ്നങ്ങൾ കേൾക്കാമെന്നു മന്ത്രി ഉറപ്പു നൽകിയതായി എൽഡിഎഫ് എംപിമാർ അറിയിച്ചു.
പദ്ധതിക്കു പിന്നിൽ കേരള സർക്കാരിനു ദുരുദ്ദേശ്യമുണ്ടെന്നും സാഹചര്യങ്ങൾക്ക് അനുയോജ്യമല്ലെന്നും വ്യക്തമാക്കി യുഡിഎഫ് എംപിമാർ ഒപ്പിട്ട നിവേദനം കൊടിക്കുന്നിൽ സുരേഷ് കേന്ദ്രമന്ത്രിക്കു കൈമാറിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തിൽ യുഡിഎഫ് എംപിമാർക്കു പറയാനുള്ളതു കേൾക്കാനാണ് മന്ത്രി യോഗം വിളിച്ചത്.
പിന്നാലെ എളമരം കരീം, ബിനോയ് വിശ്വം എന്നിവർ മന്ത്രിയെ ബന്ധപ്പെട്ട് ചർച്ചയ്ക്ക് അവസരം നൽകണമെന്ന് ആവശ്യപ്പെട്ടു. യോഗം നിശ്ചയിച്ച സമയത്ത് ഇവരും എ.എം.ആരിഫ്, എം.വി.ശ്രേയാംസ്കുമാർ, എന്നിവരും മന്ത്രിയുടെ ഓഫീസിലെത്തുകയും ചെയ്തു. ഇതോടെ കേന്ദ്ര മന്ത്രിസഭാ യോഗം നടക്കുന്നതിനാൽ അസൗകര്യം ചൂണ്ടിക്കാട്ടി മന്ത്രി യോഗം മാറ്റിവെച്ചു.