തിരുവനന്തപുരം: ഇന്ത്യയിൽ പുതിയ സ്റ്റാർട്ടപ്പ് വിപ്ലവം ലക്ഷ്യമിട്ട് നരേന്ദ്ര മോദി സർക്കാർ തുടക്കമിട്ട ഇന്ത്യ എഐ മിഷന്റെ ഭാഗമായി തിരുവനന്തപുരത്തെ 10 കോളേജുകളിൽ രാജ്യാന്തര നിലവാരത്തിലുള്ള എഐ ലാബുകൾ അനുവദിക്കുമെന്ന് കേന്ദ്ര ഇലക്ട്രോണിക്സ്, ഐടി മന്ത്രിയും തിരുവനന്തപുരം ലോക്സഭാ സ്ഥാനാർത്ഥിയുമായ രാജീവ് ചന്ദ്രശേഖർ പറഞ്ഞു. നിർമ്മിത ബുദ്ധി മേഖലയിൽ മികച്ച നൈപുണ്യ പരീശിലനത്തിനും ഗവേഷണത്തിനും വികസനത്തിനും സംവിധാനങ്ങളൊരുക്കി തിരുവനന്തപുരത്തെ രാജ്യത്തെ മികച്ച സ്റ്റാർട്ടപ്പ് നഗരമാക്കി മാറ്റുകയാണ് ലക്ഷ്യമെന്ന് അദ്ദേഹം പറഞ്ഞു. ഒരു കാലത്ത് സാങ്കേതികവിദ്യാഭ്യാസത്തിലും മുന്നേറ്റത്തിലും രാജ്യത്ത് മികച്ച മാതൃകസൃഷ്ടിച്ച തിരുവനന്തപുരത്തിന്റെ പ്രതാപം വീണ്ടെടുക്കും. തിരഞ്ഞെടുക്കപ്പെടുന്ന 10 കോളേജുകളിൽ സ്ഥാപിക്കുന്ന എഐ ലാബുകൾക്ക് സഹായവും പിന്തുണയും നൽകുന്നതിന് അന്താരാഷ്ട്ര ശ്രേണിയിലുള്ള ഒരു സാങ്കേതിക പങ്കാളിയും ഉണ്ടായിരിക്കുമെന്നും മന്ത്രി പറഞ്ഞു.
എഐ ലാബുകൾ സ്ഥാപിക്കാൻ താൽപര്യം പ്രകടിപ്പിച്ച് സർക്കാർ, സർക്കാരിതര കോളേജുകൾ ഉൾപ്പെടെ 17 സ്ഥാപനങ്ങൾ അപേക്ഷിച്ചിട്ടുണ്ട്. ഒരു വിദഗ്ധ സമിതി ഈ അപേക്ഷകൾ പരിശോധിച്ച് യോഗ്യതയുള്ള 10 കോളെജുകൾക്ക് എഐ ലാബുകൾ അനുവദിക്കുമെന്നും മന്ത്രി പറഞ്ഞു. തിരുവനന്തപുരത്ത് തുടങ്ങുന്ന പദ്ധതി അടുത്ത മൂന്ന് വർഷത്തിനുള്ളിൽ സംസ്ഥാനത്തൊട്ടാകെ നടപ്പിലാക്കുമെന്നും മന്ത്രിപറഞ്ഞു. സാങ്കേതിക മുന്നേറ്റത്തിനും നൈപുണ്യ പരിശീലനത്തിലും ഇന്ത്യയെ മുന്നോട്ടു നയിക്കുന്ന വൈവിധ്യമാർന്ന പദ്ധതികളാണ് മോദി സർക്കാർ രാജ്യത്തൊട്ടാകെ നടപ്പിലാക്കി വരുന്നത്. നിർമ്മിത ബുദ്ധി രംഗത്ത് ഇന്ത്യയെ മികച്ച ഒരു സംരഭക ശക്തിയാക്കാൻ ലക്ഷ്യമിട്ടുള്ളതാണ് ഇന്ത്യ എഐ മിഷൻ. ഈ പദ്ധതി കേരളത്തിലും വലിയ മുന്നേറ്റങ്ങൾക്ക് വഴിയൊരുക്കുമെന്നും രാജീവ് ചന്ദ്രശേഖർ പറഞ്ഞു.
സ്റ്റാർട്ടപ്പ് പട്ടികയിൽ തിരുവനന്തപുരം ഇന്ന് 18-ാം സ്ഥാനത്താണ്. ഒരു കാലത്ത് സാങ്കേതിക മേഖലയിൽ മികച്ച സംഭാവനകൾ നൽകിയ നാടാണ് തിരുവനന്തപുരം. കഴിഞ്ഞ രണ്ടു ദശാബ്ദമായി കാര്യമായ നേട്ടമൊന്നും ഉണ്ടാക്കാൻ തിരുവനന്തപുരത്തിന് കഴിയുന്നില്ല. ഇത്തരമൊരു അവസ്ഥക്ക് മാറ്റമുണ്ടാക്കാനാണ് തന്റെ ശ്രമമെന്നും മന്ത്രി പറഞ്ഞു. നൈപുണ്യ വികസനത്തിലൂടെ മികച്ച യുവപ്രതിഭകളെ സൃഷ്ട്ടിച്ച് ഒരു മാറ്റത്തിന് നാന്ദി കുറയ്ക്കുന്നതിനാണ് തന്റെ ശ്രമമെന്നും താൻ ചെയ്യാൻ കഴിയുന്നതേ പറയുകയുള്ളുവെന്നും അദ്ദേഹം പറഞ്ഞു.