തിരുവനന്തപുരം : ജനങ്ങളെ ഭീതിയിലാഴ്ത്തി തലസ്ഥാന നഗരിയില്‍ അജ്ഞാത ജീവി. കിളിമാനൂരിനെ ആഴ്ചകളായി ഭീതിയിലാഴ്ത്തിയ അജ്ഞാത ജീവിയുടേതെന്ന് സംശയിക്കുന്ന ദൃശ്യങ്ങള്‍ ക്യാമറയില്‍ പതിഞ്ഞിട്ടുണ്ട്. പുലിയോട് സാദൃശ്യം തോന്നുന്ന ജീവിയെയാണ് ക്യാമറയില്‍ കാണുന്നതെങ്കിലും പുലിയാണോ എന്ന കാര്യം വനംവകുപ്പ് സ്ഥിരീകരിച്ചിട്ടില്ല.
കാല്‍പാടുകള്‍ വനംവകുപ്പ് ഉദ്യോഗസ്ഥര്‍ പരിശോധിക്കുന്നുണ്ട്. കാട്ടുചെന്നായ ആകാമെന്നും അഭിപ്രായമുണ്ട് . പുല്ലയില്‍ പറയ്ക്കോട്ട് കോളനിയ്ക്ക് സമീപമാണ് ആദ്യമായി പുലിയെ കണ്ടതായി പ്രദേശവാസികള്‍ കിളിമാനൂര്‍ പോലീസില്‍ അറിയിച്ചത്. എന്നാല്‍ കാല്പാടുകള്‍ പരിശോധിച്ചപ്പോള്‍ പുലിയുടേതാണോയെന്നു വ്യക്തമായില്ല.
ഇതോടെ സന്ധ്യ കഴിഞ്ഞാല്‍ പുറത്തിറങ്ങാന്‍ പോലും ജനങ്ങള്‍ ഭയപ്പെട്ടു തുടങ്ങി. തുടര്‍ന്ന് ജനങ്ങളുടെ ആശങ്കയകറ്റാന്‍ കണിച്ചോട്, പന്തുവിളാകം, പെരുന്തറ എന്നിവിടങ്ങളില്‍ നിരീക്ഷണ ക്യാമറകള്‍ സ്ഥാപിച്ചു. ഇതിനിടയില്‍ കിളിമാനൂര്‍ തട്ടത്തുമലയില്‍ അത്തീഖിന്റെ ഉടമസ്ഥതയിലുളള റോക്ക് ലാന്‍ഡ് എന്ന സ്ഥാപനത്തിന്റെ മുറ്റത്ത് കോഴിയെ കടിച്ചുകൊന്ന നിലയില്‍ പുലര്‍ച്ചെ കണ്ടെത്തി. തുടര്‍ന്ന് സ്ഥാപനത്തിലെ സിസിടിവി പരിശോധിച്ചപ്പോഴാണ് പുലിയോട് സാമ്യമുളള ജീവിയുടെ ദൃശ്യം കണ്ടത്.