കൊച്ചി : വൈപ്പിന്‍ പാലത്തിനടിയില്‍ ജീര്‍ണിച്ച നിലയില്‍ കണ്ടെത്തിയ മൃതദേഹം ആരുടെയെന്ന കാര്യത്തില്‍ അന്വേഷണം പുരോഗമിക്കുന്നു. മുട്ടാര്‍ പുഴയില്‍ മരിച്ച നിലയില്‍ കണ്ടെത്തിയ വൈഗയുടെ (13) പിതാവ് കങ്ങരപ്പടി ശ്രീഗോകുലം ഹാര്‍മണി ഫ്ലാറ്റില്‍ സനു മോഹന്റെയാണെന്ന സംശയത്തിലാണ് പോലീസ്. നാലു ദിവസത്തിലേറെ പഴക്കം തോന്നിക്കുന്ന മൃതദേഹം ഇന്നലെ ഗോശ്രീ മൂന്നാം പാലത്തിന് അടിയിലാണ് തൂങ്ങി നില്‍ക്കുന്ന നിലയില്‍ കണ്ടെത്തിയത്. പാന്റും ഷര്‍ട്ടുമാണ് വേഷം. ബന്ധുക്കളെ വിളിച്ചു വരുത്തി വസ്ത്രങ്ങള്‍ ഉള്‍പ്പെടെ തിരിച്ചറിയാനാകുമോ എന്നാണ് പോലീസ് പരിശോധിക്കുന്നത്.
സംഭവത്തില്‍ മുളവുകാട് പോലീസാണ് കേസ് റജിസ്റ്റര്‍ ചെയ്ത് ഇന്‍ക്വസ്റ്റ് നടപടികള്‍ പൂര്‍ത്തിയാക്കി മൃതദേഹം എറണാകുളം ജനറല്‍ ആശുപത്രിയിലേക്കു മാറ്റിയത്. മൃതദേഹം സനുവിന്റേതാണോ എന്നറിയാന്‍ വിശദമായ പരിശോധന വേണ്ടിവരുമെന്നു പോലീസ് അറിയിച്ചു. കഴിഞ്ഞ ദിവസം തിരുവനന്തപുരം പൂവാറില്‍ അജ്ഞാത മൃതദേഹം കണ്ടെത്തിയതിനെ തുടര്‍ന്നു ബന്ധുക്കള്‍ അവിടെയെത്തിയെങ്കിലും സനുവിന്റേതല്ലെന്നു വ്യക്തമായിയിരുന്നു.
കഴിഞ്ഞ 21നാണു വൈഗയെ മുട്ടാര്‍ പുഴയില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. അതിനു ശേഷം സനുവിനെ ആരും കണ്ടിട്ടില്ല. 20നു ഭാര്യയെ ആലപ്പുഴയിലെ ബന്ധുവീട്ടിലാക്കിയ ശേഷമാണു വൈഗയുമൊത്തു സനു കങ്ങരപ്പടിയിലേക്കു മടങ്ങിയത്. അന്നു രാത്രി സനുവും വൈഗയും കങ്ങരപ്പടിയിലെ ഫ്ലാറ്റില്‍ നിന്നു കാറില്‍ പോയെന്നാണു പോലീസിനു ലഭിച്ച വിവരം. പിറ്റേന്നു വൈഗയുടെ മൃതദേഹം കണ്ടെത്തി. മകള്‍ക്കൊപ്പം ജീവനൊടുക്കിയിട്ടുണ്ടാകുമെന്ന നിഗമനത്തില്‍ 2 ദിവസം പുഴയില്‍ തിരച്ചില്‍ നടത്തി. കണ്ടെത്താന്‍ കഴിയാതെ വന്നതോടെയാണു സനു കടന്നു കളഞ്ഞിട്ടുണ്ടാകും എന്ന നിഗമനത്തിലെത്തിയത്.
സനുവിന്റെ കാര്‍ കോയമ്പത്തൂര്‍ സുഗുണപുരം പോലീസ് സ്റ്റേഷന്‍ പരിധിയില്‍ വരെ എത്തിയതായി സിസിടിവി ദൃശ്യങ്ങളില്‍ വ്യക്തമായിട്ടുണ്ട്. എന്നാല്‍ തമിഴ്‌നാട്ടില്‍ അന്വേഷണം നടത്തിയെങ്കിലും സനുവിനെ കണ്ടെത്താന്‍ കഴിഞ്ഞില്ല. കാര്‍ ഓടിച്ചതാരാണെന്നു ദൃശ്യങ്ങളില്‍ വ്യക്തമല്ലതാനും. പണം കിട്ടാനുള്ള ആരെങ്കിലും കാര്‍ തട്ടിയെടുത്തതാണോ എന്ന സാധ്യതയും പോലീസ് പരിശോധിക്കുന്നുണ്ട്. മകളെ വകവരുത്തി കടന്നു കളഞ്ഞതാണെങ്കില്‍ കണ്ടെത്തുന്നതിനായി പോലീസ് സനുവിന്റെ വിവിധ രൂപത്തിലുള്ള രേഖാ ചിത്രങ്ങള്‍ തയാറാക്കി പുറത്തു വിട്ടിട്ടുണ്ട്.