ന്യൂഡല്‍ഹി : രാജ്യത്ത് അൺലോക്ക് 2.0 ഇന്ന് മുതൽ ആരംഭിക്കും. അൺലോക്ക് ഡൗൺ രണ്ടാം ഘട്ടം നിലവിൽ വരുമ്പോഴും രാജ്യത്ത് കോവിഡ് വ്യാപനം രൂക്ഷമായി തുടരുകയാണ്. സംസ്ഥാനങ്ങൾ പുറത്ത് വിട്ട കണക്കുകൾ പ്രകാരം ഇന്നലെ മാത്രം 19, 000 ലധികം കേസുകൾ റിപ്പോർട്ട് ചെയ്തിട്ടുണ്ട്.
രണ്ടാംഘട്ട അൺലോക്കിലെ സ്ഥിതിഗതികൾ സംസ്ഥാന മന്ത്രിസഭായോഗം ഇന്ന് ചർച്ച ചെയ്യും. കേന്ദ്ര നിർദ്ദേശം അതേപടി പാലിക്കുമെന്ന് കാണിച്ച് ഉത്തരവിറക്കിയെങ്കിലും കേരളത്തിലേക്കുള്ള യാത്രക്ക് രജിസ്ട്രേഷൻ തുടരണമെന്നാണ് സംസ്ഥാനത്തിന്‍റെ നിലപാട്. കോവിഡ് ജാഗ്രതാ പോർട്ടലിൽ രജിസ്ട്രേഷൻ വേണമെന്ന് കാണിച്ച് ഇന്ന് പുതിയ ഉത്തരവിറക്കും. അന്തർസംസ്ഥാന യാത്രക്ക് പാസ് വേണ്ടെന്നാണ് കേന്ദ്രനിർദേശം. ബസ് ചാർജ്ജ് വർദ്ധന അജണ്ടയിലില്ലെങ്കിലും അജണ്ടക്ക് പുറത്തുള്ള വിഷയമായി വരാനും സാധ്യതയുണ്ട്. നിരക്ക് കൂട്ടണമെന്നാവശ്യപ്പെട്ടുള്ള ശുപാർശയാണ് ഗതാഗതവകുപ്പ് മുഖ്യമന്ത്രിക്ക് നൽകിയത്
അതേസമയം കണ്ടെയ്‌ൻമെൻറ് സോണുകളിൽ മാർഗനിർദ്ദേശങ്ങൾ കർശനമായി നടപ്പാക്കാൻ കേന്ദ്രം സംസ്ഥാനങ്ങൾക്ക് നിർദ്ദേശം നൽകി . ആരോഗ്യവിദഗ്ദർ ആശങ്കപ്പെട്ടതുപോലെ തന്നെ കോവിഡ് തീവ്രതയിലേക്കാണ് ജൂലൈ മാസത്തിലെത്തുമ്പോൾ രാജ്യം പോകുന്നത്. സംസ്ഥാനങ്ങളുടെ കണക്ക് പ്രകാരം മരണം 17, 000 കടന്നു.
മഹാരാഷ്ട്രയിലും തമിഴ്നാട്ടിലുമാണ് കോവിഡ് വ്യാപനം രൂക്ഷമായി തുടരുന്നത്. മഹാരാഷ്ട്രയിൽ ഇന്നലെ 4878 പേർക്ക് രോഗം സ്ഥിരീകരിച്ചു. ആകെ രോഗികൾ 1,74,761ആയി ഉയർന്നു. തമിഴ്‌നാട്ടിൽ തുടർച്ചയായ രണ്ടാം ദിവസമാണ് നാലായിരത്തിനടുത്ത് കേസുകൾ റിപ്പോർട്ട് ചെയ്യപ്പെടുന്നത്. അതേസമയം ഡല്‍ഹിയിൽ കഴിഞ്ഞ ദിവസങ്ങളിൽ മൂവ്വായിരത്തിനു മുകളിൽ റിപ്പോർട്ട് ചെയ്തിടത്ത് രണ്ട് ദിവസമായി രണ്ടായിരത്തി ഇരുന്നൂറിനടത്തു കേസുകൾ മാത്രം.
ആഭ്യന്തരമന്ത്രി അമിത് ഷായുടെ അധ്യക്ഷതയിൽ ഇന്നലെയും ഉന്നതതല യോഗം ചേർന്ന് സ്ഥിഗതികൾ വിലയിരുത്തി. അൺലോക്ക് ഡൗൺ രണ്ടാം ഘട്ട ഇളവുകളും നിലവിൽ വന്നു. രാത്രി കർഫ്യു 10 മണി മുതൽ 5 വരെയാക്കി കുറച്ചു. 65 വയസ്സ് കഴിഞ്ഞവർക്കും കുട്ടികൾക്കും പുറത്തിറങ്ങാനുള്ള നിയന്ത്രണം തുടരും. വിദ്യാഭ്യാസ സ്ഥാപനങ്ങൾ ജൂലൈ 31 വരെ അടഞ്ഞു കിടക്കുന്ന സാഹചര്യത്തിൽ ഓൺലൈൻ ക്ലാസുകൾ വഴി അധ്യയനം തുടരണമെന്നാണ് കേന്ദ്രം നിർദ്ദേശിക്കുന്നത്.