തിരുവനന്തപുരം : സംസ്ഥാനത്ത് ഇന്നു മുതല്‍ കൂടുതല്‍ ഇളവുകള്‍. ടിപിആര്‍ അനുസരിച്ച് തദ്ദേശസ്വയംഭരണ പ്രദേശങ്ങളെ A,B,C,D എന്നി വിഭാഗങ്ങളായി തിരിച്ചാണ് നിയന്ത്രണങ്ങള്‍ക്ക് ഇളവ്. ടിപിആര്‍ 24 ന് മുകളില്‍ സി, ഡി വിഭാഗത്തില്‍ പെടുന്ന പ്രദേശങ്ങളില്‍ ലോക്ഡൗണ്‍ നിയന്ത്രണങ്ങള്‍ തുടരും.
അക്ഷയ കേന്ദ്രങ്ങള്‍ അടക്കമുള്ള ജനസേവന കേന്ദ്രങ്ങള്‍ പ്രര്‍ത്തിക്കും. ബാങ്കുകള്‍ പ്രവര്‍ത്തിക്കാമെങ്കിലും ചൊവ്വ, വ്യാഴം ദിവസങ്ങളില്‍ ഇടപാടുകാര്‍ക്ക് ബാങ്കില്‍ പ്രവേശനമില്ല. അംഗങ്ങളുടെ എണ്ണം പരമാവധി കുറച്ച് ഇന്‍ഡോര്‍ ടെലിവിഷന്‍ പരമ്പര ചിത്രീകരണത്തിന് ഇന്നുമുതല്‍ അനുമതിയുണ്ട്.
ക്ഷേത്രങ്ങളിലും ഇന്നുമുതല്‍ പ്രവേശനാനുമതിയുണ്ട്. ഗുരുവായൂര്‍ ക്ഷേത്രത്തില്‍ വെര്‍ച്വല്‍ ക്യൂ വഴിയാണ് പ്രവേശനം അനുവദിക്കുക. ഒരു ദിവസം 300 പേര്‍ക്കാണ് പ്രവേശനം. ഭക്തര്‍ക്ക് നാലമ്പലത്തിനകത്ത് പ്രവേശനം ഉണ്ടാകില്ല. ഇന്നു മുതല്‍ വിവാഹത്തിനും അനുമതിയുണ്ട്. ഒരു കല്യാണത്തിന് പത്ത് പേര്‍ക്കായിരിക്കും പ്രവേശനം അനുവദിക്കുക. വീഡിയോ ചിത്രീകരണത്തിന് രണ്ട് പേരെയും അനുവദിക്കും.
തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിന് കീഴിലെ ക്ഷേത്രങ്ങളില്‍ ഒരു സമയം 15 വിശ്വാസികള്‍ക്ക് ദര്‍ശനം നടത്താം. ശ്രീകോവിലില്‍ നിന്ന് ശാന്തിക്കാര്‍ ഭക്തര്‍ക്ക് നേരിട്ട് പ്രസാദം വിതരണം ചെയ്യാന്‍ പാടില്ല. വഴിപാട് പ്രസാദങ്ങള്‍ നാലമ്പലത്തിന് പുറത്ത് ഭക്തരുടെ പേര് എഴുതിവെച്ച് വിതരണം ചെയ്യാനുള്ള സൗകര്യം ഒരുക്കണം. സപ്താഹം, നവാഹം എന്നിവയ്ക്ക് അനുമതിയില്ല. എന്നാല്‍ സാമൂഹിക അകലം പാലിച്ച് ബലിതര്‍പ്പണ ചടങ്ങുകള്‍ നടത്താന്‍ അനുമതി നല്‍കിയിട്ടുണ്ട്. ക്ഷേത്രങ്ങളില്‍ പൂജ സമയങ്ങളില്‍ ഭക്തരെ പ്രവേശിപ്പിക്കാന്‍ പാടില്ല. ദര്‍ശനത്തിനെത്തുന്നവര്‍ കോവിഡ് മാനദണ്ഡം പാലിക്കുന്നുണ്ടെന്ന് ഉറപ്പുവരുത്തണം.
എന്നാല്‍ ഉത്തരവുകളില്‍ അവ്യക്തതയുണ്ടെന്ന് വ്യാപാരികള്‍ ആരോപിച്ചു. വ്യാപാര സ്ഥാപനങ്ങള്‍ തുറക്കുന്നതിന് വ്യക്തത വരുത്തിയിട്ടില്ല. ടിപിആര്‍ അനുസരിച്ച് A,B,C,D എന്നി വിഭാഗങ്ങളായി തിരിക്കുന്നത് ഉദ്യോഗസ്ഥരുടെ സൌകര്യാര്‍ത്ഥമാണ്. സാധാരണ ജനങ്ങള്‍ക്കും വ്യാപാരികള്‍ക്കും അറിയേണ്ടത് തങ്ങളുടെ പ്രദേശത്ത് എന്തൊക്കെ നിയന്ത്രണങ്ങള്‍ ഉണ്ടെന്നാണ്. എട്ടു ശതമാനത്തില്‍ താഴെ ടിപിആര്‍ നിരക്കുള്ള A വിഭാഗത്തില്‍പ്പെടുന്ന പ്രദേശത്ത് എന്തൊക്കെയാണ് നിയന്ത്രണങ്ങള്‍ എന്ന് വ്യക്തമായി പറയുന്നില്ല. പലപ്പോഴും A യും Bയും ഒന്നിച്ച് അവ്യക്തമായ നിര്‍ദ്ദേശങ്ങള്‍ ആണ് സംസ്ഥാന സര്‍ക്കാരും ജില്ലാ ഭരണകൂടവും പുറത്തിറക്കുന്നത്. മിക്കവരും മാസങ്ങളായി വ്യാപാര സ്ഥാപനങ്ങള്‍ പൂട്ടിയിട്ടിരിക്കുകയാണ്. പൊതുഗതാഗതം പോലും അനുവദിച്ചുകഴിഞ്ഞുവെങ്കിലും ഇപ്പോഴും കടകള്‍ തുറക്കേണ്ട എന്ന മുടന്തന്‍ ന്യായമാണ് അധികൃതര്‍ക്കെന്ന് വ്യാപാരികള്‍ കുറ്റപ്പെടുത്തി.