കോന്നി : അറ്റകുറ്റപ്പണികളില്ലാത്ത തണ്ണിത്തോട് അഞ്ചുകുഴി – കുടപ്പനക്കുളം റോഡിൽ യാത്ര ദുഷ്കരം. വനത്തിലൂടെയുള്ള രണ്ടര കിലോമീറ്റർ റോഡിൽ അറ്റകുറ്റപ്പണികൾ നടത്തിയിട്ട് 20 വർഷമായി. കോന്നി, റാന്നി നിയോജക മണ്ഡലങ്ങളെ ബന്ധിപ്പിക്കുന്ന തണ്ണിത്തോട് – മണിയാർ റോഡിന്റെ ഭാഗമാണിത്. മണിയാർ മുതൽ കുടപ്പനക്കുളം വരെയും തണ്ണിത്തോട് പഞ്ചായത്തിലെ അഞ്ചുകുഴി മുതൽ തുടർന്നുള്ള ഭാഗവും സഞ്ചാരയോഗ്യമാണ്. ഇതിനിടയിലുള്ള ഭാഗമാണ് തകർച്ചയിലായത്. ഇതു കാരണം വനമേഖലയിലെ കട്ടച്ചിറ, കുടപ്പനക്കുളം പ്രദേശവാസികളാണ് യാത്രാസൗകര്യമില്ലാതായി.
കോന്നി നിയോജക മണ്ഡലത്തിലെ കട്ടച്ചിറ ചിറ്റാർ വില്ലേജിലും കുടപ്പനക്കുളം തണ്ണിത്തോട് വില്ലേജിലുമാണ്. ഇപ്പോൾ റോഡിൽ വനത്തിലെ മരങ്ങൾ ഒടിഞ്ഞു കിടക്കുന്നതിനാൽ ഗതാഗത തടസവും ഉണ്ട്. കട്ടച്ചിറ കുടപ്പനക്കുളം നിവാസികൾക്ക് താലൂക്ക് ആസ്ഥാനത്തേക്ക് പോകുന്നതിന് തണ്ണിത്തോട് വഴി കോന്നിക്കുള്ള സഞ്ചാര മാർഗം തകർച്ച കാരണം തടസപ്പെടുകയാണ്. കുടപ്പനക്കുളം നിവാസികൾക്ക് തണ്ണിത്തോട് വില്ലേജ് ഓഫീസിൽ എത്തണമെങ്കിൽ കട്ടച്ചിറ വഴി ചിറ്റാർ–തണ്ണിത്തോട് റോഡിലെ നീലിപിലാവിൽ എത്തി ചുറ്റിക്കറങ്ങണം,.