ന്യൂഡല്‍ഹി : ഉത്തര്‍പ്രദേശില്‍ സമ്പൂര്‍ണ ലോക്ക് ഡൗണ്‍ പ്രഖ്യാപിച്ച് യോഗി സര്‍ക്കാര്‍. മഹാരാഷ്ട്ര, തമിഴ്‌നാട്, ഡല്‍ഹി, ഗുജറാത്ത്, തെലുങ്കാന സംസ്ഥാനങ്ങളിലാണ് രോഗവ്യാപനം തുടരുന്നത്. ഗുജറാത്തില്‍ മരണങ്ങള്‍ 2000 കടന്നു. ഉത്തര്‍പ്രദേശില്‍ ഇന്ന് രാത്രി പത്ത് മുതല്‍ പതിമൂന്നാം തീയതി പുലര്‍ച്ചെ വരെ സമ്പൂര്‍ണ ലോക്ക്ഡൗണ്‍ പ്രഖ്യാപിച്ചു. ബംഗളൂരുവില്‍ ഓരോ മേഖലയിലെയും പ്രവര്‍ത്തനങ്ങള്‍ക്ക് മന്ത്രിമാര്‍ നേതൃത്വം നല്‍കും. രാജ്യത്ത് വീണ്ടും സെറോ സര്‍വേ നടത്തുമെന്ന് കേന്ദ്രസര്‍ക്കാര്‍ വ്യക്തമാക്കി.
തമിഴ്‌നാട്ടില്‍ 24 മണിക്കൂറിനിടെ 65 മരണവും 4231 കേസുകളും റിപ്പോര്‍ട്ട് ചെയ്തു. ആകെ പോസിറ്റീവ് കേസുകള്‍ 126,581ഉം മരണം 1765ഉം ആയി. ചെന്നൈയില്‍ മാത്രം 73,728 കൊവിഡ് കേസുകള്‍. ഡല്‍ഹിയില്‍ 45 പേര്‍ കൂടി മരിച്ചതോടെ ആകെ മരണസംഖ്യ 3,258 ആയി. 2187 പുതിയ കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തു. ആകെ പോസിറ്റീവ് കേസുകള്‍ 1,07,051 ആയി.
ഗുജറാത്തില്‍ 861 പുതിയ കേസുകളും 15 മരണവും റിപ്പോര്‍ട്ട് ചെയ്തു. ആകെ കൊവിഡ് ബാധിതര്‍ 39,280ഉം മരണം 2010ഉം ആയി ഉയര്‍ന്നു. കര്‍ണാടകയില്‍ 2,228ഉം തെലങ്കാനയില്‍ 1,410ഉം പശ്ചിമ ബംഗാളില്‍ 1088ഉം പുതിയ കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തു. രാജ്യത്ത് ഇതുവരെ സമൂഹവ്യാപനമില്ലെന്ന് കേന്ദ്രസര്‍ക്കാര്‍ ആവര്‍ത്തിച്ചു. രോഗവ്യാപനത്തിന്റെ തോത് കണ്ടെത്താന്‍ വീണ്ടും സെറോ സര്‍വേ നടത്തും. പ്ലാസ്മ ബാങ്ക് ആരംഭിക്കുമെന്ന് പഞ്ചാബ് സര്‍ക്കാര്‍ അറിയിച്ചു.