ലക്നോ : കൊറോണ വൈറസ് വ്യാപനത്തെ തുടര്‍ന്ന് ഉത്തര്‍പ്രദേശ് സമ്പൂര്‍ണ്ണ ലോക് ഡൗണിലേക്ക്. 15 ജില്ലകള്‍ പൂര്‍ണമായി അടച്ചിടാന്‍ യോഗി ആദിത്യനാഥ് സര്‍ക്കാര്‍ ഉത്തരവിട്ടു. ഏപ്രില്‍ 13 വരെ അഞ്ച് ദിവസത്തേക്ക് പൂര്‍ണമായും അടച്ചിടാനാണ് ഉത്തരവ്. ഇന്ന് അര്‍ധരാത്രി മുതല്‍ ഉത്തരവ് പ്രാബല്യത്തില്‍ വരും.
ലക്നോ, ആഗ്ര, ഗാസിയാബാദ്, നോയിഡ, കാണ്‍പുര്‍, വാരാണാസി, ശ്യാമ്ലി, മീററ്റ്, ബരേലി, ബുലന്ദഷര്‍, ഫിറോസാബാദ്, മഹാരാജ്ഗഞ്ച്, സിതാപുര്‍, ഷഹാരന്‍പുര്‍, ബസ്തി എന്നീ ജില്ലകളിലാണ് സമ്പൂര്‍ണ്ണ കര്‍ഫ്യൂ പ്രഖ്യാപിച്ചിരിക്കുന്നത്. ഇതിന്റെ ഭാഗമായി ഒരു തരത്തിലുള്ള കടകളും തുറന്നു പ്രവര്‍ത്തിക്കില്ല. അത്യാവശ്യ സാധനങ്ങള്‍ സര്‍ക്കാര്‍ വീട്ടിലെത്തിച്ചു നല്‍കും. ആരെയും വീടുവിട്ട് പുറത്തേക്കിറങ്ങാന്‍ അനുവദിക്കില്ല. ഏപ്രില്‍ 13 ന് സ്ഥിതിഗതികള്‍ വീണ്ടും പരിശോധിക്കും. ആവശ്യമായി വന്നാല്‍ കര്‍ഫ്യൂ നീട്ടിയേക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍.
ഉത്തര്‍പ്രദേശിലെ 37 ജില്ലകളില്‍ കൊറോണ റിപ്പോര്‍ട്ട് ചെയ്തു. ഇതോടെ ബുധനാഴ്ച സംസ്ഥാനത്തെ ആകെ രോഗബാധിതരുടെ എണ്ണം 326 ആയി ഉയര്‍ന്നു. ഇതില്‍ 166 പേരും തബ്ലിഗ് സമ്മേളനം കഴിഞ്ഞ് എത്തിയവരാണ്. നിലവില്‍ സംസ്ഥാനത്ത് മൂന്ന് മരണങ്ങളാണ് റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്.