ലഖ്നൗ : കുടിയേറ്റ തൊഴിലാളികളുടെ മൃതശരീരം ടാര്‍പോളിനില്‍ പൊതിഞ്ഞ് ട്രക്കില്‍ കയറ്റി നാട്ടിലേക്കയച്ച് യുപി സര്‍ക്കാര്‍. അപകടത്തില്‍ പരിക്ക് പറ്റിയവര്‍ക്കൊപ്പം മൃതദേഹങ്ങളും ടാര്‍പോളിനില്‍ പൊതിഞ്ഞു ജാര്‍ഖണ്ഡിലേക്ക് അയക്കുകയായിരുന്നു. ഇതിനെതിരെ ജാര്‍ഖണ്ഡ് മുഖ്യമന്ത്രി രൂക്ഷവിമര്‍ശനവുമായി രംഗത്ത് വന്നിട്ടുണ്ട്.
ശനിയാഴ്ച പുലര്‍ച്ചെ യുപിയിലെ ഔറയ്യയില്‍ നടന്ന റോഡപകടത്തില്‍ 26 കുടിയേറ്റ തൊഴിലാളികള്‍ മരിക്കുകയും 30 ലധികം പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിരുന്നു. പഞ്ചാബില്‍ നിന്നും രാജസ്ഥാനില്‍ നിന്നും വന്ന ട്രക്കുകള്‍ ദേശീയപാതയില്‍ കൂട്ടിയിടിക്കുകയായിരുന്നു. ലഖ്നൗവില്‍ നിന്ന് 200 കിലോമീറ്റര്‍ അകലെയുള്ള ഔറയ്യയില്‍ വെച്ച് മരിച്ചവരുടെ മൃതദേഹങ്ങളാണ് ഒരു ദിവസത്തിനുശേഷം പരിക്കേറ്റവർക്കൊപ്പം ജാര്‍ഖണ്ഡിലേക്ക് കൊണ്ടുപോയത്.
‘ഞങ്ങളുടെ കുടിയേറ്റ തൊഴിലാളികളോടുള്ള ഈ മനുഷ്യത്വ രഹിതമായ പെരുമാറ്റം ഒഴിവാക്കാമായിരുന്നു. മൃതദേഹങ്ങള്‍ ജാര്‍ഖണ്ഡ് അതിര്‍ത്തി വരെ ഉചിതമായ ഗതാഗത സംവിധാനം ഉപയോഗിച്ച് കടത്തിവിടാന്‍ ഞാന്‍ നിതീഷ് കുമാറിനോടും യുപി സര്‍ക്കാരിനോടും അഭ്യര്‍ത്ഥിക്കുന്നു. ബൊക്കാരോയിലെ അവരുടെ വീടുകളില്‍ മതിയായ ക്രമീകരണങ്ങള്‍ ഞങ്ങള്‍ ഉറപ്പാക്കുമെന്നും’ ജാര്‍ഖണ്ഡ് മുഖ്യമന്ത്രി ഹേമന്ത് സോറൻ ട്വീറ്റ് ചെയ്തു. കഴിഞ്ഞ ദിവസം മരിച്ചവരില്‍ 11 പേര്‍ ജാര്‍ഖണ്ഡില്‍ നിന്നുള്ളവരാണ്. ഒരാള്‍ പാലാമുവില്‍ നിന്നും ബാക്കിയുള്ളവര്‍ ബൊക്കാരോയില്‍ നിന്നുമാണ്. മറ്റുള്ളവരെല്ലാം ബംഗാളില്‍ നിന്നുള്ളവരായിരുന്നു. ഹേമന്ത് സോറന്റെ ട്വീറ്റിന് പിന്നാലെ യുപി സര്‍ക്കാര്‍ പ്രയാഗ്രാജിലേക്കുള്ള ദേശീയപാതയില്‍ ട്രക്കുകള്‍ നിര്‍ത്തിച്ച് മൃതദേഹങ്ങള്‍ ആംബുലന്‍സുകളില്‍ കയറ്റി യാത്ര തിരിച്ചതായാണ് വിവരം.