ലക്നോ: ബിജെപി ഭരിക്കുന്ന ഉത്തർപ്രദേശിലെ പോലീസിന്റെ ക്രൂരകൃത്യങ്ങൾ വീണ്ടും പുറത്ത്. മൊബൈൽ ഫോൺ മോഷ്ടാവെന്നാരോപിച്ച് കസ്റ്റഡിയിലെടുത്ത യുവാവിനെ പോലീസ് അതിക്രൂരമായി മർദിച്ചു.സംഭവം അരങ്ങേറിയത് ഡിയോറിയയിലെ മാഹെൻ ഗ്രാമത്തിലാണ്.
സുമിത് ഗോസ്വാമി എന്നയാളാണ് പോലീസ് അതിക്രമത്തിന് ഇരയായത്. പോലീസ് സ്റ്റേഷനിൽ എത്തിച്ച സുമിതിനെ ബെൽറ്റ് കൊണ്ട് ക്രൂരമായി അടിച്ചു. നിലത്തുവീണ ഇയാളുടെ മുഖത്ത് ബൂട്ടിട്ട് കയറിനിന്ന് രണ്ടു കാലുകളിലും ഭിത്തിയോട് ചേർത്തുവച്ച ശേഷം മർദിക്കുകയും ചെയ്തു. സംഭവത്തിന്റെ ദൃശ്യങ്ങൾ പുറത്തുവന്നതോടെ യുപി പോലീസ് വീണ്ടും പ്രതിരോധത്തിലായി. സുമിതിനെ മർദിച്ച മൂന്ന് പോലീസ് കോണ്‍സ്റ്റബിൾമാരെ സസ്പെൻഡ് ചെയ്തു. ഇവർക്കെതിരെ എഫ്ഐആർ രജിസ്ട്രർ ചെയ്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.