കോന്നി : ധനു മാസത്തിലെ തിരുവാതിര ആഘോഷത്തിന്റെ ഓർമ്മകൾ ഉണർത്തി കോന്നി താവളപ്പാറ സെന്റ് തോമസ് കോളജിലെ വിദ്യാർത്ഥിനികൾ മെഗാ തിരുവാതിര അവതരിപ്പിച്ചു. ശ്രീപരമേശ്വരനെ ഭര്‍ത്താവായി ലഭിക്കുന്നതിന് പാർവതി ദേവി അനുഷ്ഠിച്ച നോമ്പിനെ അനുസ്‌മരിച്ചുകൊണ്ട് നടത്തുന്ന തിരുവാതിര കേരളത്തിന്റെ ദേശീയ ഉത്സവങ്ങളിൽ ഓണം പോലെ പ്രധാന്യം അർഹിച്ചിരുന്ന ഒന്നായിരുന്നു. എന്നാല്‍ ഇന്നത് ഓർമ്മകളിലേക്ക് മറഞ്ഞിരിക്കുന്നു. വരും തലമുറയെ ഈ തിരുവാതിര ആഘോഷത്തിന്റെ പ്രാധാന്യം അറിയിക്കുന്നതിനായി കോളേജ് തയ്യാറാക്കിയ തിരുവാതിരയിൽ കോളേജിലെ മുഴുവൻ വിദ്യാർത്ഥിനികളും പങ്കെടുത്തു.
മങ്കമാരുടെ ഉത്സവമായ ധനുമാസ തിരുവാതിര കേരളത്തിലെ ആദി പുരാതന ആഘോഷങ്ങളിലൊന്നാണ്. ശിവപ്രീതിക്കായി പാർവതി വ്രതമെടുക്കുന്ന ദിവസമെന്ന രീതിയിൽ ഇത് പുണ്യ ദിനമായി ആചരിക്കുന്നു. ജാതി മത മതിൽ കെട്ടുകളുടെ അതിരുകളെ ഭേദിച്ചു കൊണ്ട് ഇവിടുത്തെ എല്ലാ വിദ്യാർഥിനികളും ഒരേ മനസ്സോടെ കേരളീയ വേഷ സംവിധാനത്തിലും ആചാര രീതിയിലും ഇതിനെ സ്വീകരിച്ചു. പ്രിൻസിപ്പലും അധ്യാപകരും അനധ്യാപകരും വേണ്ട നേതൃത്വം നൽകി. മാനേജ്മെന്റിന്റെ പിന്തുണയും കൂടിയായപ്പോൾ ഈ മഹോത്സവം വൻവിജയമായി തീർന്നു.
മെഗാ തിരുവാതിരയുടെ ഉദ്ഘാടന സമ്മേളനത്തിൽ കോന്നി എം. കെ. ലത മെമ്മോറിയൽ പബ്ലിക് സ്കൂൾ ചെയർപേഴ്സൺ ആശാ റാം മോഹൻ മുഖ്യാതിഥിയായിരുന്നു. പ്രിൻസിപ്പൽ ഡോക്ടർ പി കെ ജോസുകുട്ടി, ഡയറക്ടർ ഫാ. ജോർജ് ഡേവിഡ്, ട്രഷറാർ എം. വി. വർഗീസ്, വൈസ് പ്രിൻസിപ്പൽ ഡോക്ടർ കെ ജെ മാത്യു എന്നിവർ പ്രസംഗിച്ചു.
https://www.facebook.com/mediapta/videos/2683724445014740/