ലക്‌നോ : ഉത്തര്‍പ്രദേശിലെ ഹത്‌റാസില്‍ 19കാരി ബലാത്സംഗത്തിനിരയായി കൊല്ലപ്പെട്ട സംഭവത്തില്‍ സ്വമേധയാ കേസെടുത്ത് അലഹബാദ് ഹൈക്കോടതി. അലഹബാദ് കോടതിയുടെ ലക്നൗ ബെഞ്ചാണ് കേസെടുത്തിരിക്കുന്നത്. സംഭവത്തില്‍ ഉത്തര്‍പ്രദേശ് സര്‍ക്കാരിന് കോടതി നോട്ടീസ് അയക്കുകയും ചെയ്തു.
ഉത്തര്‍പ്രദേശ് ഡി.ജി.പി, ആഭ്യന്തര വകുപ്പ് അഡീഷണല്‍ ചീഫ് സെക്രട്ടറി, എ.ഡി.ജി.പി, ഹത്‌റാസ് ജില്ലാ മജിസ്ട്രേറ്റ്, എസ്.പി എന്നിവരില്‍ നിന്ന് കോടതി വിശദീകരണം തേടിയിട്ടുണ്ട്. ഒക്ടോബര്‍ പന്ത്രണ്ടിന് മുന്‍പ് മറുപടി നല്‍കണമെന്നും കോടതി നിര്‍ദേശിച്ചു.
അതേസമയം, ഹത്‌റാസ് പെണ്‍കുട്ടി ബലാത്സംഗത്തിനിരയായിട്ടില്ലെന്ന് ഉത്തര്‍പ്രദേശ് പോലീസ് പറഞ്ഞു. ഇതിന് ഫോറന്‍സിക് തെളിവില്ല. പെണ്‍കുട്ടിയുടെ ശരീരത്തില്‍ ബീജത്തിന്റെ അംശം കണ്ടെത്താനായില്ല. മരണ കാരണം കഴുത്തിലേറ്റ ആഴത്തിലുള്ള മുറിവാണ്. ജാതി സംഘര്‍ഷമുണ്ടാക്കാനുള്ള ശ്രമമാണ് നടക്കുന്നതെന്നും പോലീസ് പറഞ്ഞു.