തിരുവനന്തപുരം : അസ്വാഭാവികമരണങ്ങളില്‍ നാലു മണിക്കൂറിനകം ഇന്‍ക്വസ്റ്റ് പൂര്‍ത്തിയാക്കി മൃതദേഹം പോസ്റ്റ്മോര്‍ട്ടത്തിന് അയയ്ക്കണമെന്ന് സ്റ്റേഷന്‍ ഹൗസ് ഓഫീസര്‍മാരോട് ഡി.ജി.പി അനില്‍കാന്ത് നിര്‍ദ്ദേശിച്ചു. രാത്രിയിലും ഇന്‍ക്വസ്റ്റ് നടത്താം. കൂടുതല്‍ സമയമെടുക്കുന്നെങ്കില്‍ ഇന്‍ക്വസ്റ്റ് റിപ്പോര്‍ട്ടില്‍ കാരണം രേഖപ്പെടുത്തണം. ഇന്‍ക്വസ്റ്റ് നടത്താന്‍ വേണ്ട വെളിച്ചമൊരുക്കാനും മൃതദേഹം ആശുപത്രിയിലെത്തിക്കാനുമുള്ള ചെലവുകള്‍ പോലീസ് വഹിക്കും. ഇന്‍ക്വസ്റ്റിനും പോസ്റ്റുമോര്‍ട്ടത്തിനയയ്ക്കാനും ഒരുകാരണവശാലും കാലതാമസമോ തടസമോ ഉണ്ടാകാന്‍ പാടില്ലെന്നും ഡി.ജി.പി നിര്‍ദ്ദേശം നല്‍കി.
തിരുവനന്തപുരം, ആലപ്പുഴ, കോട്ടയം, തൃശൂര്‍, കോഴിക്കോട് മെഡിക്കല്‍ കോളേജുകളിലും കാസര്‍കോട് ജനറല്‍ ആശുപത്രിയിലും രാത്രി പോസ്റ്റുമാര്‍ട്ടം അനുവദിച്ച് സര്‍ക്കാര്‍ ഉത്തരവിറക്കിയിരുന്നു. ഇതിനെതിരായ ഹര്‍ജി തള്ളിയ ഹൈക്കോടതി, ആറുമാസത്തിനകം രാത്രി പോസ്റ്റുമാര്‍ട്ടം തുടങ്ങണമെന്ന് കഴിഞ്ഞ ഡിസംബറില്‍ ഉത്തരവിട്ടിരുന്നു. അസ്വാഭാവിക മരണം റിപ്പോര്‍ട്ട് ചെയ്താല്‍ ഇന്‍ക്വസ്റ്റും പോസ്റ്റുമോര്‍ട്ടവും നടത്തി മൃതദേഹം ബന്ധുക്കള്‍ക്ക് വിട്ടുനല്‍കേണ്ട ചുമതല സര്‍ക്കാരിനായിരിക്കുമെന്നും അതിനുള്ള ചെലവ് സര്‍ക്കാര്‍ വഹിക്കണമെന്നുമാണ് ഹൈക്കോടതി ഉത്തരവ്. അഞ്ചു മെഡിക്കല്‍ കോളേജുകളില്‍ പൈലറ്റ് പദ്ധതിയെന്ന നിലയില്‍ രാത്രി പോസ്റ്റുമോര്‍ട്ടം ആരംഭിക്കുന്നതിന് 2015ല്‍ സര്‍ക്കാര്‍ തീരുമാനിച്ചിരുന്നെങ്കിലും ആവശ്യത്തിന് ഡോക്ടര്‍മാരും സൗകര്യങ്ങളുമില്ലെന്ന കാരണത്താല്‍ നടപ്പാക്കാനായിരുന്നില്ല.