മുംബൈ : 21 കോടിയുടെ ഏഴ് കിലോ യുറേനിയം പിടിച്ചെടുക്കുകയും രണ്ടു പേര്‍ അറസ്റ്റിലാകുകയും ചെയ്ത കേസ് എന്‍.ഐ.എക്ക് വിട്ടു. പ്രതികളില്‍ നിന്ന് പിടിച്ചെടുത്തത് മാരക റേഡിയോ ആക്ടീവ് വികിരണങ്ങളുള്ള 90 ശതമാനം ശുദ്ധമായ യുറേനിയമാണെന്ന് കണ്ടെത്തിയതോടെയാണ് കേസന്വേഷണം എന്‍.ഐ.എ ഏറ്റെടുത്തത്.
മഹാരാഷ്ട്ര ഭീകരവിരുദ്ധ സ്‌ക്വാഡാണ് (എ.ടി.എസ്) സംഭവത്തില്‍ രണ്ടു പേരെ അറസ്റ്റ് ചെയ്തത്. താനെ സ്വദേശി ജിഗര്‍ പാണ്ഡ്യ (27), അബു താഹിര്‍ അഫ്‌സല്‍ ഹുസൈന്‍ ചൗധരി (31) എന്നിവരാണ് കേസില്‍ അറസ്റ്റിലായത്. എ.ടി.എസില്‍നിന്നും സംഭവത്തിന്റെ വിശദ വിവരങ്ങള്‍ എന്‍.ഐ.എ ആവശ്യപ്പെട്ടിട്ടുണ്ട്.
യുറേനിയം വില്‍ക്കാനുള്ള ശ്രമത്തിനിടെ ഫെബ്രുവരി 14 ന് പാണ്ഡ്യയെ ഭീകരവിരുദ്ധ സേന കസ്റ്റഡിയിലെടുത്തിരുന്നു. ചോദ്യം ചെയ്യലില്‍ താഹിറാണ് യുറേനിയം വിതരണം ചെയ്തതെന്ന് പാണ്ഡ്യ വെളിപ്പെടുത്തി. തുടര്‍ന്ന് നടന്ന സമഗ്ര അന്വേഷണത്തില്‍ 7.1 കിലോ യുറേനിയവുമായി താഹിറും അറസ്റ്റിലാകുകയായിരുന്നു. പ്രതികള്‍ക്കെതിരെ അറ്റോമിക് എനര്‍ജി ആക്‌ട് -1962 പ്രകാരം കേസെടുത്ത് മെയ് 12 വരെ റിമാന്‍ഡ് ചെയ്‌തിട്ടുണ്ട്.