റാന്നി: ജണ്ടായിക്കൽ-അത്തിക്കയം റോഡിൻ്റെ നിർമ്മാണത്തിലെ അപാകതയില്‍ വിജിലൻസ് അന്വേഷണ റിപ്പോർട്ട് നൽകി റോഡിൻ്റെ പ്രശ്നം ശാശ്വതമായി പരിഹരിക്കാൻ അടിയന്തിര നടപടി സ്വീകരിക്കണമെന്ന് അഡ്വ. പ്രമോദ് നാരായൺ എംഎൽഎ പൊതുമരാമത്ത് വകുപ്പ് മന്ത്രി മുഹമ്മദ് റിയാസിനോടും പൊതുമരാമത്ത് വകുപ്പ് എൻജിനീയറോടും ആവശ്യപ്പെട്ടു. ഗുരുതരമായ ക്രമക്കേട് സംഭവിച്ച റോഡ് പൂർണ്ണമായും പുനസ്ഥാപിക്കണം എന്നും എംഎൽഎ ആവശ്യപ്പെട്ടു. 4 കോടി രൂപ ചിലവഴിച്ചാണ് ജണ്ടായിക്കൽ – വലിയകുളം – അത്തിക്കയം റോഡ് പുനരുദ്ധരിച്ചത്. എന്നാൽ പുനരുദ്ധാരണം കഴിഞ്ഞപ്പോൾ മുതൽ റോഡിൻ്റെ പലഭാഗത്തും ടാറിംഗ് ഇളകി. നാട്ടുകാർ ഇത് എംഎൽഎയുടെ ശ്രദ്ധയിൽപ്പെടുത്തിയതിനെ തുടർന്ന് എംഎൽഎ വകുപ്പ് തല അന്വേഷണത്തിന് മന്ത്രിയോട് ആവശ്യപ്പെട്ടിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് റോഡിൻ്റെ നിർമ്മാണം സംബന്ധിച്ച് അന്വേഷിക്കാൻ പൊതുമരാമത്ത് വകുപ്പ് മന്ത്രി വിജിലൻസ് വിഭാഗത്തെ ചുമതലപ്പെടുത്തിയത്.
എന്നാൽ റോഡിൻ്റെ അവസ്ഥ അതീവ ശോചനീയമാവുകയാണ്.
പലഭാഗങ്ങളിലും ടാറിങ്ങ് ഇളകി വലിയ ഗർത്തങ്ങൾ രൂപപ്പെട്ടു. ഇവിടെ ഇരുചക്ര വാഹന യാത്രക്കാർ ഉൾപ്പെടെയുള്ളവർ അപകടത്തിൽപ്പെടാനുള്ള സാധ്യതയും ഏറെയാണ്. വിജിലൻസ് അന്വേഷണ റിപ്പോർട്ട് ലഭ്യമാക്കാൻ കാലതാമസം ഉണ്ടാകുന്നതാണ് തുടർനടപടികൾ വൈകാൻ ഇടയാക്കുന്നത് എന്നാണ് ബന്ധപ്പെട്ട അധികൃതർ അറിയിച്ചത്. എന്നാൽ ഓരോ ദിവസം കഴിയുമ്പോഴും റോഡിൻ്റെ അവസ്ഥ കൂടുതൽ പരിതാപകരം ആവുകയാണ്. കരാറുകാരന്റെ അഴിമതിയിൽ ജനങ്ങൾ ബുദ്ധിമുട്ട് അനുഭവിക്കുന്നത് ഒഴിവാക്കാനാണ് അതിവേഗം റിപ്പോർട്ട് സമർപ്പിച്ച റോഡ് പുനരുദ്ധരിക്കാൻ നടപടി സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ടത്. കൂടാതെ കുറ്റക്കാർക്കെതിരെ ശക്തമായ നടപടി സ്വീകരിക്കണമെന്നും എംഎൽഎ ആവശ്യപ്പെട്ടു.