ദില്ലി : കൊറോണ വൈറസ് ബാധിതരുടെ മൂത്രം പരിശോധിച്ചാൽ അവരുടെ രോഗം തീവ്രമാകുമോ എന്ന് പ്രവചിക്കാൻ സാധിക്കുമെന്ന് അമേരിക്കയിൽ നടന്ന പഠനം. ഡിട്രോയ്റ്റ് വെയ്ൻ സ്റ്റേറ്റ് സർവകലാശാലയിലെ ഗവേഷകരാണ് ഇതുസംബന്ധിച്ച് പഠനം നടത്തിയത്.
കോവിഡ് ബാധിതരുടെ മൂത്ര സാമ്പിളുകളിൽ അതില്ലാത്തവരെ അപേക്ഷിച്ച് ചില അണുബാധ സൂചകങ്ങളുടെ(inflammatory markers)അളവ് കൂടുതലായിരിക്കുമെന്ന് പഠനം വെളിപ്പെടുത്തുന്നു. കോവിഡ് രോഗികളുടെ ചികിത്സാപദ്ധതി തീരുമാനിക്കാൻ സഹായിക്കുന്നതാണ് ഈ കണ്ടെത്തൽ.
കോവിഡിനെക്കുറിച്ച് മാത്രമല്ല പല രോഗങ്ങളെയും കുറിച്ചുള്ള സൂചനകൾ മൂത്രപരിശോധന നൽകാറുണ്ട്. മൂത്രം കടും നിറത്തിൽ ഉള്ളതാണെങ്കിൽ ശരീരത്തിൽ നിർജ്ജലീകരണം ഉണ്ടെന്നാണ് അർഥം. മൂത്രത്തിൽ രക്തം കണ്ടെത്തുന്നത് വൃക്കരോഗം, പ്രോസ്ട്രേറ്റ് ഗ്രന്ഥി വീക്കം, വൃഷ്ണ സഞ്ചിയിൽ കാൻസർ, സിക്കിൾസെൽ അനീമിയ എന്നിവയുടെ ലക്ഷണമാകാം. കടുത്ത വ്യായാമത്തിന്റെയോ മെഡിറ്റേഷന്റെയോ ഫലമായും മൂത്രത്തിൽ രക്തം കാണപ്പെടാം. നിർജ്ജലീകരണവും ചില ഭക്ഷണപദാർഥങ്ങൾ കഴിക്കുന്നതും മൂലം മൂത്രത്തിന് വല്ലാത്ത മണം അനുഭവപ്പെടാം. പ്രമേഹം, യൂറിനറി അണുബാധ, വൃക്ക, കരൾ രോഗം എന്നിവയുടെയും ലക്ഷണമാണിത്. കിഡ്നിയിൽ കല്ലുണ്ടോ എന്നറിയാനും മൂത്രപരിശോധനയിലൂടെ സാധിക്കും.