ന്യൂഡൽഹി : തിരുവല്ല ആസ്ഥാനമായുള്ള സ്വകാര്യ ധനകാര്യ സ്ഥാപനമായ നെടുംപറമ്പിൽ ക്രഡിറ്റ് സിണ്ടിക്കേറ്റ് (NCS) വന്‍ തിരിച്ചുവരവിന് തയ്യാറെടുക്കുന്നു. ഏഴ് വർഷത്തെ സ്ട്രാറ്റജിക് പ്ലാനിന്റെ ഭാഗമായി ഉർജ – അദാനിയും അൽഫ നിയോൺ ഗ്രൂപ്പും (Urja – Adani, AlphaNeon Group) സാമ്പത്തിക വ്യാപാര മേഖലയിൽ പരസ്പരം കൈകോർക്കുന്നതിന്റെ ഭാഗമായാണ് എന്‍.എം രാജുവിന്റെ ഉടമസ്ഥതയിലുള്ള തിരുവല്ല നെടുംപറമ്പിൽ ക്രഡിറ്റ് സിണ്ടിക്കേറ്റ് (NCS) ഏറ്റെടുക്കുന്നത്. ANI വാർത്താ ഏജൻസിയാണ് ഇക്കാര്യം പുറത്ത് വിട്ടിരിക്കുന്നത്. മിനേഷ് കീർത്തിലാൽ അദാനി, അമിത് ഉപാധ്യായ, ഗിരീഷ് എസ് പിള്ള എന്നിവരുടെ നേത്രുത്വത്തിലാണ് പുതിയ പദ്ധതികള്‍ നടപ്പിലാക്കുക. എൻ.സി.എസ് ഗ്രൂപ്പിന്റെ പ്രവർത്തനം വിപുലീകരിക്കാനും ബിസിനസ്സ് മെച്ചപ്പെടുത്തുന്നതിനുമുള്ള ദീർഘകാല പദ്ധതികളാണ് ഇവര്‍ വിഭാവനം ചെയ്യുന്നത്. എൻ.സി.എസിന്റെ നിലവിലുള്ള പ്രവർത്തനങ്ങൾ ഏകീകരിച്ചുകൊണ്ട് ഉപഭോക്തൃ വിശ്വാസം നേടാനും സാമ്പത്തിക വ്യാപാരത്തിൽ രാജ്യവ്യാപകമായി സാന്നിധ്യം ഉറപ്പിക്കാനും ഇവര്‍ ലക്ഷ്യമിടുന്നു.
ബഡ്‌സ് ആക്ട്, ആർബിഐ, ആർഒസി, പിഎഫ്, ഇഎസ്ഐ, കേരള ഗവൺമെന്റ് റെഗുലേഷൻസ്, കോർട്ട് മാൻഡേറ്റ്‌സ്, സ്റ്റാറ്റിയൂട്ടറി ഓഡിറ്റുകൾ എന്നിവയുൾപ്പെടെ നിയമപരമായ എല്ലാ ചട്ടക്കൂടുകളും പൂര്‍ണ്ണമായി പാലിച്ചുകൊണ്ടായിരിക്കും പ്രവര്‍ത്തനം. എല്ലാ ബ്രാഞ്ചുകളുടെയും ഹെഡ് ഓഫീസിന്റെയും നിയമപരമായ ഓഡിറ്റിംഗ് പൂര്‍ത്തിയാക്കി കൃത്യമായ ജാഗ്രത ഉറപ്പാക്കും. ഇതോടൊപ്പം നിക്ഷേപകരുടെ താൽപ്പര്യങ്ങളും സംരക്ഷിക്കപ്പെടും. NBFC യുടെ ബിസിനസ് രാജ്യമൊട്ടാകെ വ്യാപിപ്പിക്കും. നിലവിലുള്ളതോ പുതിയതോ ആയ ഒരു നിക്ഷേപകനും/ഉപഭോക്താവിനും സാമ്പത്തിക നഷ്ടം നേരിടുന്നില്ലെന്ന് ഉറപ്പാക്കുമെന്നും ഇവര്‍ പറയുന്നു.
കഴിഞ്ഞ ഏതാനും വര്‍ഷങ്ങളിലായി നിരവധി സ്വകാര്യ ധനകാര്യ സ്ഥാപനങ്ങളാണ് കേരളത്തില്‍ തകര്‍ന്നത്. ഇതില്‍ ഏറ്റവും പ്രധാനപ്പെട്ടത് കോന്നി ആസ്ഥാനമായി പ്രവര്‍ത്തിച്ചുകൊണ്ടിരുന്ന പോപ്പുലര്‍ ഫിനാന്‍സ് ആണ്. തകര്‍ന്ന സ്ഥാപനങ്ങളിലെ നിക്ഷേപകര്‍ കേസും കോടതി നടപടികളുമായി നീങ്ങുകയാണ്. തങ്ങളുടെ നിക്ഷേപം തിരികെ ലഭിക്കുമെന്ന പ്രതീക്ഷ പലര്‍ക്കുമില്ല. ഇവിടെയാണ് NCS ഉടമ എന്‍.എം രാജുവിന്റെ വ്യത്യസ്തമായ നീക്കമെന്നതും ശ്രദ്ധേയമാണ്. കഴിഞ്ഞ ഏതാനും വര്‍ഷങ്ങളായി നെടുംപറമ്പിൽ ക്രഡിറ്റ് സിണ്ടിക്കേറ്റ് (NCS) സാമ്പത്തിക പ്രതിസന്ധിയിലായിരുന്നു. സാമ്പത്തിക ആസൂത്രണത്തിലെ പാളിച്ചകള്‍ ആയിരുന്നു ഇതിനു പ്രധാന കാരണം. കൂടാതെ വേണ്ടത്ര ആലോചനയില്ലാതെ വസ്ത്ര വ്യാപാര മേഖലയിലേക്കും പ്ലാന്റേഷന്‍ മേഖലയിലേക്കും NCS കടന്നിരുന്നു. പല ജില്ലകളിലും TATA, KIYA വാഹനങ്ങളുടെ ഡീലര്‍ഷിപ്പും NCS ന് ഉണ്ടായിരുന്നു.
കാലാവധി പൂര്‍ത്തിയായ നിക്ഷേപങ്ങള്‍ മടക്കിനല്കുവാന്‍ അവധികള്‍ പറഞ്ഞതോടെ തിരുവല്ലയിലെ പൊതുപ്രവര്‍ത്തന രംഗത്ത് സജീവ സാന്നിധ്യമായിരുന്ന എന്‍.എം രാജുവിനെ ഒരു വിഭാഗം നിക്ഷേപകര്‍ കൈവിട്ടു. എന്നാല്‍ ഇതേ സമയം തന്നെ അദാനി ഗ്രൂപ്പുമായി NCS ചര്‍ച്ച തുടങ്ങിയിരുന്നു. സാമ്പത്തിക പ്രസിസന്ധിയില്‍ നിന്നും കരകയറുന്നതിനോടൊപ്പം നിക്ഷേപകരുടെ പണം മടക്കിനല്കുക എന്നതുമായിരുന്നു NCS ന്റെ ലക്‌ഷ്യം. നിക്ഷേപകരുടെ ആരുടേയും പണം നഷ്ടപ്പെടില്ല എന്ന് കേരളാ കോണ്‍ഗ്രസ് ജോസ് കെ.മാണിയുടെ സംസ്ഥാന ട്രഷറര്‍ കൂടിയായ എന്‍.എം രാജു പറഞ്ഞെങ്കിലും ചില നിക്ഷേപകര്‍ ഇത് വിശ്വസിച്ചില്ല.
പാര്‍ലമെന്റ് തെരഞ്ഞെടുപ്പും പെരുമാറ്റചട്ടങ്ങളും മൂലം NCS ഏറ്റെടുക്കുന്ന നടപടികള്‍ നീണ്ടുപോയി. ഇത് എന്‍.എം രാജുവിന് വന്‍ തിരിച്ചടിയായി. ഇതിനിടയില്‍ ചില നിക്ഷേപകര്‍ പോലീസില്‍ പരാതി നല്‍കി. ചര്‍ച്ചയിലൂടെ ഇതൊക്കെ പരിഹരിക്കുവാന്‍ എന്‍.എം രാജു പരമാവധി ശ്രമിച്ചിരുന്നു. എന്നാല്‍ തിരുവല്ല പോലീസില്‍ ചില നിക്ഷേപകര്‍ നല്‍കിയ പരാതിയില്‍ നെടുംപറമ്പിൽ ക്രഡിറ്റ് സിണ്ടിക്കേറ്റ് (NCS) ഉടമകളെ പോലീസ് അറസ്റ്റ് ചെയ്തു. ഈ സമയത്തും NCS ബ്രാഞ്ചുകള്‍ തുറന്നു പ്രവര്‍ത്തിച്ചിരുന്നു. റിമാന്റില്‍ കഴിയുമ്പോഴും NCS – അദാനി ചര്‍ച്ചകള്‍ തടസ്സമില്ലാതെ മുമ്പോട്ടുപോയി. ഇതിന്റെ ഫലമായാണ് ഇപ്പോള്‍ ഏറ്റെടുക്കല്‍ നടപടിയിലേക്ക് കാര്യങ്ങള്‍ എത്തിയത്.