ന്യുഡല്‍ഹി: ഓക്സിജന്‍ ക്ഷാമം നേരിടുന്ന ഇന്ത്യക്ക് അമേരിക്കയുടെ സഹായം. 318 ഓക്സിജന്‍ കോണ്‍സെന്‍ട്രേറ്ററുകളാണ് ഇന്ത്യക്ക് നല്‍കിയത്. ഞായറാഴ്ച ജോണ്‍ എഫ്. കെന്നഡി വിമാനത്താവളത്തില്‍ നിന്ന് ഓക്സിജന്‍ കോണ്‍സെന്‍ട്രേറ്ററുകളുമായി പുറപ്പെട്ട എയര്‍ ഇന്ത്യയുടെ പ്രത്യേക വിമാനം ഡല്‍ഹിയിലെത്തി.
കുറഞ്ഞ അളവില്‍ ഓക്സിജന്‍ ആവശ്യമുള്ള കിടപ്പുരോഗികള്‍ക്കുള്ള ഓക്സിജന്‍ കോണ്‍സെന്‍ട്രേറ്ററുകള്‍ക്ക് രാജ്യത്ത് ക്ഷാമം നേരിടുന്നുണ്ട്. ഓക്സിജന്‍ തെറാപ്പിക്ക് ഏറ്റവും കൂടുതല്‍ ആവശ്യപ്പെടുന്ന ഉപകരണങ്ങളിലൊന്നാണ് ഇത്. ഹോം ഇന്‍സുലേഷനിലുള്ള രോഗികള്‍ക്കും ഓക്സിജന്‍ തീര്‍ന്നു പോകുന്ന ആശുപത്രികള്‍ക്കും കോണ്‍സെന്‍ട്രേറ്റര്‍ ഉപകാരപ്രദമാണ്.
ലോകം കോവിഡില്‍ വലയുമ്പോള്‍ ആസ്ട്ര സെനിക്ക വാക്സിനും മറ്റ് ജീവന്‍രക്ഷാ ഉപകരണങ്ങളും ആവശ്യമുള്ള രാജ്യങ്ങള്‍ക്ക് നല്‍കണമെന്ന് പ്രസിഡന്റ് ജോ ബൈഡനോട് യു.എസ് ചേംബര്‍ ഓഫ് കൊമേഴ്സ് കഴിഞ്ഞ ദിവസം ആവശ്യപ്പെട്ടിരുന്നു. ചേംബര്‍ ഓഫ് കൊമേഴ്സിനെ കൂടാതെ, യു.എസ് കോണ്‍ഗ്രസ് അംഗങ്ങളും ഇന്തോ-അമേരിക്കന്‍ പൗരന്‍മാരും ഈ ആവശ്യമുന്നയിച്ച് രംഗത്തെത്തി.
നിലവില്‍ യു.എസിന്റെ കൈവശമുള്ള വാക്സിന്‍ ഡോസുകള്‍ രാജ്യത്തിന് ആവശ്യമില്ല. ഈ ജൂണിനകം തന്നെ മുഴുവന്‍ അമേരിക്കക്കാര്‍ക്കുമുള്ള വാക്സിന്‍ നിര്‍മ്മിക്കാന്‍ കഴിയുമെന്ന് കമ്പിനികള്‍ അറിയിച്ചിട്ടുണ്ട്. എന്നിരിക്കെ കോവിഡ് വാക്സിനും മറ്റ് ജീവന്‍രക്ഷാ മരുന്നുകളും ഇന്ത്യക്ക് കൈമാറണമെന്ന് യു.എസ് ചേംബര്‍ ഓഫ് കൊമേഴ്സ് ആവശ്യപ്പെട്ടു. യു.എസ് കോണ്‍ഗ്രസ് അംഗം റാഷിദ ത്വയിബയും ഇന്ത്യക്ക് സഹായം നല്‍കണമെന്നും ഇതിനായി വാക്സിന്‍ ഉല്‍പാദനം വര്‍ധിപ്പിക്കണമെന്നും ആവശ്യപ്പെട്ടിരുന്നു.